14 December Saturday

ജമാഅത്തെ ഇസ്ലാമി സഖ്യം: കോൺഗ്രസ്‌ ഉലയുന്നു

റഷീദ‌് ആനപ്പുറംUpdated: Monday Nov 30, 2020

തിരുവനന്തപുരം > മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിൽ കോളിളക്കം. കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരുഭാഗത്തും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും കെ മുരളീധരനും മറുഭാഗത്തുമായാണ്‌ പോര്‌. പ്രതിപക്ഷ നേതാവും ബന്ധത്തെ പിന്തുണയ്‌ക്കുന്നു‌. ചില നേതാക്കൾ ബന്ധം തളളാനും കൊള്ളാനുമാകാതെ മൗനത്തിലാണ്‌. മുസ്ലിംലീഗ്‌ ഒരുക്കിയ കെണിയിൽ കോൺഗ്രസ്‌ വീഴുകയായിരുന്നുവെന്നാണ്‌ ഇവർ കരുതുന്നത്‌. വടക്കൻജില്ലകളിൽ പലയിടത്തും കോൺഗ്രസിനെ മൂലയ്‌ക്കിരുത്തിയാണ്‌ ലീഗ്‌–-വെൽഫെയർ മുഹബ്ബത്ത്‌.

വെൽഫെയർ പാർടിയുമായി ബന്ധം സ്ഥാപിക്കാൻ ലീഗ്‌ ശ്രമം തുടങ്ങിയിട്ട്‌ കാലമേറെയായി. ശക്തികേന്ദ്രങ്ങളിൽ പാർടി ക്ഷയിക്കുന്നതിൽനിന്ന്‌ രക്ഷ തേടാനായിരുന്നു ഇത്‌‌. എന്നാൽ, തുടക്കത്തിൽ കോൺഗ്രസ്‌ ഇതിനെ പ്രതിരോധിച്ചു. മുന്നണിക്ക്‌ പുറത്തുളള ഒരു കക്ഷിയുമായി ബന്ധമില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പറഞ്ഞത്‌‌‌. കോൺഗ്രസ്‌ രാഷ്‌ട്രീയ കാര്യ സമിതിയും ബന്ധത്തെ എതിർത്തു.

എന്നാൽ, യുഡിഎഫ്‌ കൺവീനറായി ചുമതലലേയേറ്റ എം എം ഹസ്സൻ ജമാഅത്ത്‌ അമീറുമായി ചർച്ച നടത്തി. അതിനു‌മുമ്പ്‌ അദ്ദേഹം പാണക്കാട്‌ എത്തി ലീഗ്‌ നേതാക്കളെ കണ്ടിരുന്നു. ലീഗിന്റെ സമ്മർദത്തിന്‌ വഴങ്ങിയാണ്‌ ഹസ്സൻ ജമാഅത്ത്‌ അമീറിനെ കണ്ടതെന്നും ആരോപണമുണ്ടായി. ഹസ്സന്റെ സന്ദർശനത്തിനു‌ശേഷമാണ്‌ വെൽഫെയർപാർടിയുമായുള്ള ബന്ധത്തിന്‌ കോൺഗ്രസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌.

എന്നാൽ, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം പാടില്ലെന്ന്‌ കഴിഞ്ഞദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ്‌ അൻവർ പറഞ്ഞു. ഇതോടെ മുല്ലപ്പള്ളി വീണ്ടും രംഗത്ത്‌ വന്നു‌. എന്നാൽ, മുല്ലപ്പള്ളിയെ തിരുത്തിയ  ഹസ്സനും കെ മുരളീധരനും എഐസിസി നേതൃത്വത്തെക്കൂടിയാണ്‌ വെല്ലുവിളിച്ചത്‌. മുസ്ലിംലീഗിന്‌ കാര്യമായ സ്വാധീനമുള്ള ഭാഗങ്ങളിൽമാത്രമാണ്‌ വെൽഫെയറിനും സ്വാധീനം. കോൺഗ്രസിന്‌ കിട്ടേണ്ട പല സീറ്റുകളും ലീഗ്‌ വെൽഫെയറിന്‌ കൈമാറിയത് മലബാർ മേഖലയിൽ കോൺഗ്രസിന്‌ തിരിച്ചടിയായി.
തെക്കൻ കേരളത്തിൽ വെല്‍ഫയര്‍ബന്ധം വിശദീകരിക്കാനാകാതെ വെട്ടിലായിരിക്കുകയാണ്‌ കോൺഗ്രസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top