തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും സ്വന്തം നേതാക്കൾ ഇടഞ്ഞതോടെ കാലിടറി കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് എൻ കെ സരിനും ചേലക്കരയിൽ എഐസിസി അംഗം എൻ കെ സുധീറും കോൺഗ്രസ് വിട്ടത് കടുത്ത ആഘാതമാണ് യുഡിഎഫിൽ സൃഷ്‌ടിച്ചത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പ്രതികരണം തെളിയിക്കുന്നതും അതാണ്. കോൺഗ്രസ് സതീശന്റെ നേതൃത്വത്തിലുള്ള ഏതാനും പേരുടെ കോക്കസ് ആയി മാറിയെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കിയത് ബിജെപിയെ സഹായിക്കാനുള്ള ‘ ഡീൽ ’ ആണെന്നുമുള്ള ഗുരുതര ആരോപണമാണ് സരിൻ ഉന്നയിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യം തോൽപ്പിക്കേണ്ട സ്ഥാനാർഥി വടകരയിൽ കെ കെ ശൈലജയാണ് എന്ന് സതീശൻ ആവർത്തിച്ച് പറഞ്ഞെന്നും സരിൻ വെളിപ്പെടുത്തി. ഇക്കാര്യങ്ങൾക്ക് മറുപടി പറയാനില്ലാത്തതിനാൽ സരിനെ പരിഹസിക്കാനാണ് വി ഡി സതീശൻ തയ്യാറായത്. വടകര–-പാലക്കാട് ഡീൽ എന്ന് അന്നേ ചില കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് സംശയമുയർന്നിരുന്നു. ദേശീയ തലത്തിൽ രാഹുൽഗാന്ധി ബിജെപിയെ നേരിടുന്നെന്ന് പറയുമ്പോൾ കേരളത്തിലെ കോൺഗ്രസിനെ എങ്ങിനെ മൃദു സംഘപരിവാർ പാർടിയാക്കിയെന്ന ചോദ്യത്തിനും നേതൃത്വം ഉത്തരം പറയേണ്ടിവരും.
രണ്ടു മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ഗുരുതരമായ പ്രതിസന്ധി രൂപപ്പെട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടും ഏകാധിപത്യ പ്രവണതയുമാണ് എന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗം. പാലക്കാടും ചേലക്കരയിലുമുള്ള കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് കാര്യങ്ങൾ തീരുമാനിക്കാൻ സതീശനും ഷാഫിയും തയ്യാറായില്ല. മുൻകൂർ തയ്യാറാക്കിയ പദ്ധതി അടിച്ചേൽപ്പിക്കുകയായിരുന്നു. പോകുന്നവരെല്ലാം പൊക്കോട്ടേയെന്ന സമീപനം കോൺഗ്രസിന് ഗുണകരമാകുമോയെന്ന് ചിന്തിക്കാൻ നേതൃത്വം തയ്യാറാകണം. എതിരാളികൾക്ക് അടിക്കാൻ ശക്തമായ വടികൊടുത്തത് ആത്മഹത്യാപരമായി എന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
പോകുന്നവർ
പോകട്ടെയെന്ന്
സുധാകരൻ
പോകുന്നവർ പോകട്ടെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും പിടിച്ചുനിർത്താൻ പറ്റില്ല. സരിന്റെ കാര്യം അദ്ദേഹംതന്നെയാണ് തീരുമാനിക്കേണ്ടത്. സരിനോട് പോകരുതെന്ന ആഗ്രഹം അറിയിച്ചിരുന്നു. എൻ കെ സുധീർ ആടിയുലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഒരു പ്രതീക്ഷയുമില്ലെന്നും സുധാകരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..