തൃശൂർ > നേതാക്കളുടെ വമ്പൻനിര തമ്പടിച്ച് പ്രവർത്തിച്ചിട്ടും ചേലക്കരയിലുണ്ടായ പരാജയത്തെത്തുടർന്ന് കോൺഗ്രസിൽ പോര് ശക്തം. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിക്ക് സമാനമായ പ്രതിഷേധമാണ് നേതാക്കൾക്കെതിരെ ഉയരുന്നത്. സ്ഥാനാർഥി രമ്യ ഹരിദാസ് എഐസിസിക്കും കെപിസിസിക്കും പരാതി നൽകി. തൃശൂരിലെ തോൽവിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തിയ കെപിസിസിക്ക് മറ്റൊരു കീറാമുട്ടിയാകും ചേലക്കരയിലെ തോൽവി. രമ്യ ഹരിദാസിനും മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാക്കൾക്കുമെതിരെ കോൺഗ്രസ് പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകളിൽ രോഷം നിറയുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യയെ സഹതാപം പ്രതീക്ഷിച്ച് സ്ഥാനാർഥിയാക്കിയത് തെറ്റായ തീരുമാനമായാണ് ചേലക്കര മണ്ഡലം കമ്മിറ്റി വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാശിയാണ് രമ്യയുടെ സ്ഥാനാർഥിത്വം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചത്. പ്രാദേശിക നേതാക്കളെ അവഗണിച്ചു. കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, എഐസിസി സെക്രട്ടറി അറിവഴകൻ, ടി എൻ പ്രതാപൻ എന്നിവരായിരുന്നു മുഖ്യ ചുമതലക്കാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ്‌അലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള കേരളത്തിലെ എല്ലാ യുഡിഎഫ് നേതാക്കളും നിരന്തരം സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാനെത്തി.
ഭരണവിരുദ്ധ വികാരം ശക്തമാണെന്നും മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ വിശ്വസിപ്പിച്ചത്. ഫലം വന്നതോടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും നേതൃത്വത്തിനെതിരെ തിരിഞ്ഞു. തൃശൂർ തോൽവിക്ക് കാരണക്കാരെന്ന് സമിതി വിലയിരുത്തിയ ടി എൻ പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ, എം പി വിൻസന്റ് എന്നിവർക്ക് ചേലക്കരയിൽ ചുമതല നൽകിയപ്പോൾ വലിയ വിമർശമുയർന്നതാണ്. ജോസ് വള്ളൂർ ചുമതല വഹിച്ച, കോൺഗ്രസ് ഭരിക്കുന്ന തിരുവില്വാമല പഞ്ചായത്തിൽ യുഡിഎഫ് ബിജെപിക്ക് പിറകിൽ മൂന്നാമതായി. കോൺഗ്രസ് ഭരണമുള്ള പഴയന്നൂരിലും കൊണ്ടാഴിയിലും യുഡിഎഫ് പിറകിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..