22 December Sunday

ഭരണഘടനാ സംരക്ഷണത്തിന്‌ തുടർസമരം അനിവാര്യം: സുഭാഷിണി അലി

സ്വന്തം ലേഖികUpdated: Sunday Dec 22, 2024

തിരുവനന്തപുരം
ഭരണഘടനയുടെ ഭാവി പ്രവചിക്കാനാകില്ലെന്നും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കാൻ തുടർസമരങ്ങൾ അനിവാര്യമാ ണെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. കേരളത്തിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും അവസരമുണ്ട്‌. സംസ്ഥാനത്ത്‌ വേരുറപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ സമരങ്ങളിലൂടെ പരാജയപ്പെടുത്തണമെന്നും അവർ പറഞ്ഞു. കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ  വനിതാ കമ്മിറ്റി കനൽ "ഇന്ത്യൻ ഭരണഘടനയുടെ ഭാവി' വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

മനുസ്‌മൃതി നിയമമാക്കണമെന്ന്‌ വാദിക്കുന്നവർ നമുക്കിടയിലുണ്ട്‌. സ്‌ത്രീകൾക്ക്‌ തുല്യാവകാശം നൽകണമെന്ന് വർഷങ്ങൾക്കുമുമ്പ്‌ ഭരണഘടനാ രൂപീകരണ സമിതി ആവശ്യപ്പെടുമ്പോൾ അതിനെ എതിർത്തവരാണ്‌ ആർഎസ്‌എസും ഹിന്ദുമഹാസഭയും. രാജ്യത്ത്‌ ജാതീയത നിലനിൽക്കേണ്ടത്‌ അവരുടെ ആവശ്യമായിരുന്നു. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ ജീവിച്ച ഒരു സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ഡോ. ബി ആർ അംബേദ്‌കർ.  ഭരണഘടന രൂപപ്പെടുത്തുമ്പോൾ സ്‌ത്രീകളടക്കം എല്ലാവർക്കും അദ്ദേഹം അവകാശങ്ങൾ ഉറപ്പാക്കി. ഇതിനെ എതിർക്കുകയാണ്‌ ആർഎസ്‌എസ്‌ ചെയ്‌തത്‌.പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നടത്തിയ അംബേദ്‌കർ വിരുദ്ധ പരാമർശവും ഇതിന്റെ ബാക്കിപത്രമാണ്‌.

രാജ്യത്ത്‌ ഭരണഘടന ഭീഷണി നേരിടുകയാണെന്നതിന്‌ മറ്റെന്ത്‌ തെളിവാണ്‌ വേണ്ടതെന്നും സുഭാഷിണി അലി പറഞ്ഞു.  ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ്‌ സുഭാഷിണി അലിയെ സ്വീകരിച്ചത്‌. കനൽ ചെയർപേഴ്‌സൺ എം പി പ്രിയമോൾ അധ്യക്ഷയായി. കൺവീനർ സിന്ധു ഗോപൻ, ട്രഷറർ നിഷ ജാസ്‌മിൻ, ലേഖ പ്രതാപൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top