19 September Thursday
പാല്‍, തൈര് വില്‍പ്പനയില്‍ റെക്കോഡിട്ട്‌ മില്‍മ

ഓണവിപണിയിൽ പണക്കിലുക്കം ; കണ്‍സ്യൂമര്‍ ഫെഡിൽ 
125 കോടിയുടെ റെക്കോഡ്‌ വില്‍പ്പന

പി കെ സജിത്‌Updated: Tuesday Sep 17, 2024


കോഴിക്കോട്
ഓണവിപണിയിൽ 125 കോടിയുടെ റെക്കോഡ് വിൽപ്പനയുമായി കൺസ്യൂമർ ഫെഡ്‌. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. 60 കോടി രൂപയുടെ സബ്‌സിഡി, 65 കോടി രൂപയുടെ സബ്സിഡിയിതര സാധനങ്ങളാണ്‌  ഒരാഴ്ചയ്‌ക്കകം വിറ്റുതീർന്നത്‌.

സർക്കാർ സഹായത്തോടെ സഹകരണവകുപ്പ് കൺസ്യൂമർ ഫെഡ് മുഖേന നടപ്പാക്കിയ ചന്തകളിൽ വൻതിരക്കാണ്‌ അനുഭവപ്പെട്ടത്‌. 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കിയത്‌ മൂലം വിലക്കയറ്റം പിടിച്ചുനിർത്താനായി. അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകി. ജയ, കുറുവ, മട്ട എന്നിവയ്ക്ക് പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 45 മുതൽ 55 വരെ രൂപയുള്ളപ്പോൾ ജയ അരി 29നും മട്ട, കുറുവ അരി 30നും നൽകി. 20 ലക്ഷം കുടുംബങ്ങൾക്കായി 60,500 ക്വിന്റൽ അരിയാണ് ആശ്വാസവിലയ്‌ക്ക് നൽകിയത്. 8100 ക്വിന്റൽ പഞ്ചസാര, 6500 ക്വിന്റൽ ചെറുപയർ, 6500 ക്വിന്റൽ ഉഴുന്ന്, 6500 ക്വിന്റൽ കടല, 6500 ക്വിന്റൽ വൻപയർ, 6500 ക്വിന്റൽ തുവര, 3500 ക്വിന്റൽ മുളക്, 3500 ക്വിന്റൽ മല്ലി, 8,00,000 പാക്കറ്റ് വെളിച്ചെണ്ണ എന്നിവയും ഓണക്കാലത്ത്‌ വിറ്റു. 

സബ്‌സിഡിയിതര സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കിയതോടൊപ്പം മിൽമ, റെയ്‌ഡ്‌കോ, ദിനേശ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്കും വിപണി ലഭ്യമാക്കാൻ ഓണച്ചന്ത വഴിയൊരുക്കി. പൊതുവിപണിയിൽ 1500 രൂപ വിലയുള്ള 13 ഇനങ്ങൾ 930 രൂപയ്‌ക്കാണ്‌ ലഭ്യമാക്കിയത്‌. കൂടാതെ ഹോർട്ടികോർപ്പുമായി സഹകരിച്ചും സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ പച്ചക്കറിച്ചന്തകൾ നടത്തി.

പാല്‍, തൈര് വില്‍പ്പനയില്‍ റെക്കോഡിട്ട്‌ മില്‍മ
ഓണക്കാലത്ത് പാൽ, തൈര്, പാലുൽപ്പന്നങ്ങൾ വിൽപ്പനയിൽ സർവകാല റെക്കോഡുമായി മിൽമ.  ഉത്രാടംദിനത്തിൽ 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മിൽമയുടെ ഔട്ട്‌ലെറ്റുകൾവഴി വിറ്റത്. തിരുവോണത്തിനുമുമ്പ്‌ ആറ് ദിവസമായി  1,33,47,013 ലിറ്റർ പാലും 14,95,332 കിലോ തൈരും വിറ്റഴിച്ചു. തിരുവോണത്തിന്‌ മൂന്നുദിവസംമുമ്പുള്ള  കണക്കുപ്രകാരം നെയ്യുടെ വിൽപ്പന 814 മെട്രിക് ടൺ രേഖപ്പെടുത്തി. കഴിഞ്ഞവർഷം പാലിന്റെ മൊത്തം വിൽപ്പന 1,00,56,889 ലിറ്ററായിരുന്നു. അതിന് മുൻവർഷം ഓണത്തിന്റെ തിരക്കേറിയ നാലുദിവസങ്ങളിൽ 94,56,621 ലിറ്റർ പാലാണ് വിറ്റത്. കഴിഞ്ഞ ഓണക്കാലത്ത് നാല് ദിവസംകൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റത്‌.
 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top