17 September Tuesday

ഇവർ, ഗോത്ര രുചികളിലെ പ്രിയപ്രാണികൾ

ഫെബിൻ ജോഷിUpdated: Sunday Aug 18, 2024

കോറിഡിയസ് ഇൻസ്‌പെരാറ്റസ്, 
കോറിഡിയസ് ആദി, കോറിഡിയസ് എസ്‌കുലന്റ്‌സ്‌


ആലപ്പുഴ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യകലവറയിൽനിന്ന്‌ പ്രാണികളുടെ മൂന്ന് പുതിയ ഇനങ്ങളെ അടയാളപ്പെടുത്തി മലയാളി ശാസ്‌ത്രജ്ഞന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. ബംഗളൂരു അശോക ട്രസ്‌റ്റ്‌ ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിലെ (എടിആർഇഇ) ഗവേഷകരായ പ്രിയദർശനൻ ധർമരാജന്റെ നേതൃത്വത്തിലാണ്‌ ശാസ്ത്രലേകത്തിന്‌ ഇതുവരെ അജ്ഞാതമായിരുന്ന ഭക്ഷ്യയോഗ്യമായ ഷഡ്‌പദങ്ങളെ കണ്ടെത്തിയത്‌.

ഡിനിഡോറിഡേ (ഹെമിപ്റ്റെറ) കുടുംബത്തിലെ കോറിഡിയസ് ജനുസിൽപ്പെടുന്ന വണ്ടുകൾക്ക്‌ ‘കോറിഡിയസ് ആദി, കോറിഡിയസ് ഇൻസ്‌പെരാറ്റസ്, കോറിഡിയസ് എസ്‌കുലന്റസ്‌’ എന്നിങ്ങനെയാണ്‌ പേരിട്ടത്‌. ചെടിയുടെ സ്രവം പ്രധാനമായും ഭക്ഷിക്കുന്ന ഈ വണ്ടുകൾക്ക്‌ 15–-25 മില്ലിമീറ്റർ വലിപ്പം വരെ ഉണ്ടാകാറുണ്ട്‌. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല പ്രദേശങ്ങളിലും ഇവയെ ഭക്ഷണമാക്കുന്നു.

പുതിയ കണ്ടെത്തലോടെ ഇന്ത്യയിൽ കണ്ടെത്തിയ കൊറിഡിയസ് സ്‌പീഷീസുകൾ 13 ആയി. കണ്ടെത്തൽ പബ്ലിക് ലൈബ്രറി ഓഫ് സയൻസ് പ്രസിദ്ധീകരിക്കുന്ന  ‘പ്ലസ്‌ വൺ’ ഓപ്പൺ- ആക്‌സസ്‌ ജേണൽ പ്രസിദ്ധീകരിച്ചു.

എടിആർഇഇ ഗവേഷകരായ സ്വപ്നിൽ ബോയനെ, സന്ദീപ് സെൻ, പവൻകുമാർ തുംഗ, പുണെയിലെ മോഡേൺ കോളജിലെ ഹേമന്ത് ഘാട്ടെ എന്നിവരടങ്ങുന്നതാണ്‌ പ്രിയദർശനന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. 

ഭക്ഷണവിഭവമാണെങ്കിലും പ്രാണികളെ വലിയ അളവിൽ കഴിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കുമെന്നും ഗവേഷണം പറയുന്നു. നാഡികളെ ബാധിക്കുന്ന  വിഷമടങ്ങിയ ഇത്തരം പ്രാണികളെ കൂടുതലായി കഴിച്ചാൽ പ്രകാശത്തോട്‌ അസാധാരണ അസഹിഷ്‌ണുതയുണ്ടാകും. കല്ലുകൾക്കടിയിലും വിള്ളലുകളിലേക്കും വണ്ടുകൾ ഒളിക്കുന്നതുപോലെ,  അവയെ അമിതമായി കഴിക്കുന്നവരും വെളിച്ചത്തിൽനിന്ന്‌ പിൻവാങ്ങുന്നതായി ഗവേഷകർ നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top