17 September Tuesday

ശൈശവവിവാഹ നിരോധന നിയമത്തിന് മതഭേദമില്ല; നിയമം ഏവർക്കും ബാധകം

സ്വന്തം ലേഖികUpdated: Tuesday Jul 30, 2024

കൊച്ചി> ഇന്ത്യയിലെ ശൈശവവിവാഹ നിരോധന നിയമം (2006) ഈ വിഷയത്തിലെ എല്ലാ വ്യക്തിനിയമങ്ങൾക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകൾ ജാതിമതഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യൻ പൗരർക്ക് ബാധകമാണെന്നും ജസ്‌റ്റിസ് പി വി  കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടു. ശൈശവവിവാഹത്തിന്റെ പേരിൽ വടക്കഞ്ചേരി പൊലീസെടുത്ത കേസിൽ ആലത്തൂർ മജിസ്ട്രേട്ട്‌ കോടതിയുടെ വിചാരണനടപടികൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.

2012 ഡിസംബർ 30നായിരുന്നു വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ശിശുവികസന ഓഫീസർക്ക് ലഭിച്ച പരാതിയിലാണ്  പെൺകുട്ടിയുടെ അച്ഛനെയും വരനെയും മഹല്ല് ഭാരവാഹികളെയും പ്രതികളാക്കി കേസെടുത്തിരുന്നത്.

ഋതുമതിയായാൽ വിവാഹിതയാകാമെന്നത് മുസ്ലീം വ്യക്തിനിയമപ്രകാരം പെൺകുട്ടിയുടെ അവകാശമാണെന്നും ശരീഅത്തിൽ 15 വയസ്സാണ് കുറഞ്ഞ പ്രായപരിധിയെന്നും ഹർജിക്കാർ വാദിച്ചു. കൂടാതെ, 2006ലെ ബാലാവകാശ നിയമം വിവാഹിതയാകാനുള്ള പെൺകുട്ടിയുടെ  അവകാശത്തെ ലംഘിക്കുന്നതാണെന്നും ഹർജിക്കാർ അവകാശപ്പെട്ടു. സ്കൂൾ അധികൃതർ ജനനത്തീയതി തെറ്റായാണ് രേഖപ്പെടുത്തിയതെന്നും വാദിച്ചു. അതേസമയം, ശൈശവവിവാഹ നിയമം വ്യക്തിനിയമങ്ങൾക്ക് അതീതമാണെന്ന് അമിക്കസ്‌ക്യൂറിയും സ‌ർക്കാരും ചൂണ്ടിക്കാട്ടി.

ശൈശവവിവാഹത്തിനെതിരെ ആർക്കും പരാതി നൽകാമെന്ന വ്യവസ്ഥയടക്കം കേരള ശൈശവവിവാഹ നിരോധനച്ചട്ടങ്ങളിൽ ഉൾപ്പെടുത്തിയത് ഈ തിന്മ തുടച്ചുമാറ്റുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജനനത്തീയതി സംബന്ധിച്ച തർക്കം ഹർജിക്കാർക്ക് വിചാരണക്കോടതിയിൽ ഉന്നയിക്കാം. ഹൈക്കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് നീതിപൂർവം തീർപ്പാക്കാൻ വിചാരണക്കോടതി ശ്രദ്ധിക്കണമെന്നും ഹെെക്കോടതി നിർദേശിച്ചു.

100 ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ തുടരുന്നുണ്ടെന്ന കാര്യം ദുഃഖിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. ശൈശവവിവാഹം പെൺകുട്ടികൾക്ക് പഠിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്. പെൺകുട്ടികൾ പഠിച്ചുവളരട്ടെയെന്നും കോടതി  പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top