തൃശ്ശൂർ > കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് ആരാധന നടത്തിയതിന് തൃശ്ശൂർ ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരിക്കെതിരെ കേസ് എടുത്തു. കോവിഡ് 19 രോഗലക്ഷണങ്ങളോടെ വീട്ടിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയതിന് രണ്ടുപേർക്കെതിരെ കേസെടുത്തു. മണ്ണൂത്തിയിലും പഴയന്നൂരിലുമാണ് ജില്ലാ കലക്‌റുടെ നിർദ്ദേശം ലംഘിച്ചതിന് രണ്ടുപേർക്കെതിരെ കേസ് എടുത്തത്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ പാലോട് സ്വദേശിയായ പ്രവാസിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഈ മാസം 11ന് വിദേശത്തുനിന്ന് വന്ന ഇയാളോട് 25 വരെ വീട്ടിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടതിനാണ് കേസ്.
പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കാസർകോട് ജില്ലാ ഭരണകൂടവും കർശന നടപടികളെടുത്തു തുടങ്ങി. കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിനെതിരെയാണ് പൊലീസ് ഇന്ന് കേസെടുത്തത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടന്നതിനെ തുടർന്നാണ് നടപടി. നാട്ടുകാരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാത്തവരെ കാത്തിരിക്കുന്നത് ശക്തമായ നിയമ നടപടിയാണെന്ന് ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..