കൊച്ചി > കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ന് ഒരുവിധം എല്ലാ പത്രങ്ങളും അത് പ്രധാനവാർത്തയായാണ് നൽകിയത്. കേരളം വലിയൊരു മഹാമാരിയെ നേരിടാൻ ഒരുങ്ങുമ്പോഴും മലയാള മനോരമയ്‌ക്ക് അത് പ്രധാന വാർത്തയല്ല. രാജ്യം മുഴുവൻ പ്രശംസിച്ചുകൊണ്ടിരിക്കുന്ന സർക്കാർ തീരുമാനം ഉൾപ്പേജിൽ ഒതുക്കിയ മനോരമയ്‌ക്കെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മംഗളം, മാധ്യമം അടക്കമുള്ള പ്രധാന പത്രങ്ങളെല്ലാം ഒന്നാം പേജിൽ ലീഡ് വാർത്തയായി കോവിഡ് പാക്കേജ് നൽകിയപ്പോഴാണ് മനോരമ വാർത്ത ഒമ്പതാം പേജിൽ ഒതുക്കിയത്. പകരം പതിവുപോലെ പ്രധാനമന്ത്രി പറയാറുള്ള ആഹ്വാനം ഏറ്റെടുത്ത് വാറത്തയാക്കുകയും ചെയ്‌തു. ജനങ്ങൾ ആശങ്കയിലും ബുദ്ധിമുട്ടിലും കഴിയുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. പകരം ഞായറാഴ്‌ച പുറത്തിറങ്ങാതെയുള്ള നിയന്ത്രണങ്ങൾ മാത്രമാണ് പറഞ്ഞത്. മനോരമയെ കൂടാതെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം, ലീഗ് പത്രമായ ചന്ദ്രിക, ബിജെപി പത്രമായ ജന്മഭൂമി എന്നിവയും വാർത്ത നൽകിയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും, ഓട്ടോ ടാക്‌സി ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നുമുള്ള കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിുന്നു. 500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും, ഹോട്ടലുകള്‍ ഉടന്‍ തുറക്കും, എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും, കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. എല്ലാ കുടിശ്ശിക തുകയും ഏപ്രിലില്‍ നല്‍കും. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകുമെന്നും അടക്കമുള്ള കാര്യങ്ങളായിരുന്നു പറഞ്ഞത്. അത്തരത്തിൽ സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് മനോരമ ഉൾപ്പേജിലേക്ക് മാറ്റിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..