23 November Saturday

സുതാര്യമായ ഭരണ നിര്‍വ്വഹണം എല്‍ഡിഎഫിന്റെ സവിശേഷതയാണ്; പ്രതിസന്ധി ഘട്ടങ്ങളില്‍ പകച്ചുനിന്നില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

തിരുവനന്തപുരം> കേരളം ആര്‍ജ്ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായമായെന്നും  അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
 ഓഖിയും നിപയും നൂറ്റാണ്ടിലെ പ്രളയവും നമ്മള്‍ നേരിട്ടു. ഒരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് നേരിട്ട് പൊരുതിയാണ് നാം കടന്ന് പോന്നത്.

  എന്നാല്‍ ഒരു ഘട്ടത്തിലും പകച്ച് നിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവും സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിസ്രോതസായി. തെരഞ്ഞെടുപ്പ് പ്രകടനപത്രിക ചിലര്‍ക്ക് ജനങ്ങളുടെ മുന്നില്‍ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് വോട്ട് നേടാനുള്ളത് മാത്രമാണ്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്നാണവര്‍ തുറന്ന് പറയുന്നത്.

 എല്‍ഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോടെന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. അതിനാലാണ് എല്ലാ വര്‍ഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയുന്നത്.ഇത്തരത്തില്‍ സുതാര്യമായ ഭരണ നിര്‍വ്വഹണം എല്‍ഡിഎഫിന്റെ സവിശേഷതയാണ്. അരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ  സൃഷ്ടിയാണ് സര്‍ക്കാന്‍ ലക്ഷ്യം;അദ്ദേഹം വിശദീകരിച്ചു

അതിനായി നാല് സുപ്രധാന മിഷനുകള്‍ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ 2,19,154 വീടുകള്‍ നിര്‍മിക്കാനായി.2,19,154 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമായി  എന്നതാണിതിനര്‍ഥം. ഭൂമി  ഇല്ലാത്തവര്‍ക്ക്,ഭൂമിയും വീടുമില്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയവും ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചു. ഈ വര്‍ഷം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാഴത അന്തിയുറങ്ങാര്‍ പുനര്‍ഗേഹം പദ്ധതി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞത്  നേട്ടമാണ്.

1,43,000 പട്ടയം നല്‍കിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയാണ് കൂടതൽ നൽകുന്നതിൽ തടസമായത്, എന്നാല്‍ 35,000 പട്ടയം കൂടി ഈ വര്‍ഷം നല്‍കാനാകും. ഒഴുക്ക് നിലച്ച് പോയ പുഴകളെ പുനരുജ്ജീവിപ്പിക്കാനായി. ഹരിതകേരളം മിഷന്റെ എടുത്ത് പറയത്തക്ക ഒരു നേട്ടമാണിത്‌. . കിണര്‍, കുളം, തോടുകള്‍, ജലാശയങ്ങള്‍ എന്നിവയെല്ലാം ശുദ്ധീകരിക്കാന്‍ കഴിഞ്ഞു

കോവിഡ് 19നെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയതില്‍ പ്രധാനപ്പെട്ടതാണ് ആര്‍ദ്രം മിഷന്‍. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍  കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ലാബ് , ഫാര്‍മസി, ഒപികള്‍, സ്പെഷ്യാലിറ്റി എന്നിവയെല്ലാം  ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്കെത്തി. നിപ വൈറസ് പോലുള്ളവയെ നേരിടാന്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിച്ചു.

ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം വര്‍ധനവ് ചെലവുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെയാണ് കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം ലഭ്യമാകേണ്ടത്. അത്തരത്തില്‍ സഹായം ലഭ്യമാകുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. ബജറ്റിന് പുറത്ത് പശ്ചാത്തല വികസനത്തിനായാണ് കിഫ്ബി രൂപീകരിച്ചത്.

 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനത്തിന് ബജറ്റിന് പുറത്ത് പണം കണ്ടെത്തി നടപ്പാക്കനാണ് ഉദ്ദേശിച്ചത്. മസാല ബോണ്ടുകള്‍ വഴി 2150 കോടി സമാഹരിക്കാനായി. കിഫ്ബി മുഖേന സാധാരണ വികനസത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം ഉണ്ടാക്കാനാണ് സാധിക്കുന്നത്. നാം വളര്‍ത്തി എടുത്തത് എല്ലാവരേയും ഉള്‍ക്കാള്ളുന്ന നവകേരള സംസ്‌ക്കാരമാണ്.

ഈ കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കമ്യുണിറ്റി കിച്ചണ്‍ ആരംഭിച്ചത്. എല്ലാ ആളുകളേയും ക്ഷേമപെന്‍ഷനുകളില്‍ ഭാഗമാക്കാനായിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്‍പ് ലൈന്‍, പൊലീസിന്റ പിങ്ക് പെട്രോള്‍ എന്നിവ സ്ത്രീകള്‍ക്കായുള്ള  പ്രത്യേക ഇടപെടലായി. പൊലീസില്‍ വനിതാ പ്രാധിനിത്യം 25 ശതമാനം ആക്കണമെന്നാണ് കാണുന്നത്. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിച്ചു. 5 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലങ്ങളിലേക്ക് പുതുതായി എത്തി. സ്‌കൂളുകളുടെ അടിസ്ഥാന  സൗകര്യം മെച്ചപ്പെടുത്തി. 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി

കുടുംബശ്രീക്ക് റിക്കാര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്. പട്ടികജാതി കടാശ്വാസപദ്ധതിയില്‍ കടം എഴുതി തള്ളി. പൊലീസിലും എക്സൈസിലും 100 വീതം പട്ടിക ജാതിക്കാരെ നിയമിച്ചു. ആദിവാസി  ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഒരുക്കി. അതിഥി തൊളിലാളികള്‍ക്ക് കോവിഡ് കാലത്ത് സംരക്ഷണവും ഭക്ഷണവും വൈദ്യ സഹായവും നല്‍കാനും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുന്‍കൈ  ലോകപ്രശംസ പിടിച്ചുപറ്റി.

 'അപ്നാ ഘര്‍' ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്യാമ്പുകള്‍ സജ്ജീകരിച്ചു.വേതന സുരക്ഷ ഉറപ്പാക്കി. വിപുലമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത് പുതുനയത്തിന്റെ ഭാഗമാണ്. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജും നല്‍കാനായി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധി അര്‍ഹരായ ആളുകള്‍ക്ക് എറ്റവും ലളിതമായ നടപടി ക്രമങ്ങള്‍ പാലിച്ച് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കാം. അനുവദിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുകയായിരുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിര സാങ്കേതികത്ത്വത്തില്‍ അധിഷ്ടിതമായ 1600 ലധികം സ്റ്റാര്‍ട്ട് അപ്പുകള്‍. 2 ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്പേസ് എന്നിവ ഇന്ന് കേരത്തിലുണ്ട്.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മറ്റും അനുകൂലമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലൈബ്രറികളിലും ലഭ്യമാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.
 
 കേരളത്തില്‍ രാജ്യത്തെ എറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റമാണുള്ളത്. രാജ്യത്തെ  തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ട് അപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചു. ഐ ടി മേഖലയില്‍ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുതുടങ്ങി. സംസ്ഥാനത്തെ ഐ ടി സ്പേസ് ഇരട്ടി ആക്കാനാണ് ഉദ്ദേശിക്കുന്നത്.

വ്യാവസായിക രംഗം, നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ഘട്ടത്തില്‍ പെതാമേഖലാ വ്യവസായത്തിന്റെ നഷ്ടം 131 കോടിയായിരുന്നു. ഭരണത്തിന്റെ  ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്ന് വര്‍ഷവും ഈ മേഖലയെ ലാഭത്തിലാക്കി.2017-18ല്‍ 5 കോടിയും 2018-19ല്‍ 8 കോടിയും ആയിരുന്നു ലാഭം. 2019- 20 ല്‍ 56 കോടി രൂപ പ്രവര്‍ത്തന ലാഭം ഉണ്ട്.

 പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയമല്ല കേരളത്തിനുള്ളത്. കേന്ദ്രത്തില്‍നിന്നുള്ള അനുമതികള്‍ വൈകുന്നത് ചില കാലതാമസം ഉണ്ടാക്കുന്നുണ്ട്.  മെച്ചപ്പെട്ട നിക്ഷേപ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറുന്നു. സംരംഭം തുടങ്ങാന്‍ അനുകൂല  സാഹചര്യം കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍  കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയമല്ല കേരളത്തിനുള്ളതെന്നും കേന്ദ്രത്തില്‍നിന്നുള്ള അനുമതികള്‍ വൈകുന്നതിനാല്‍ ചില കാലതാമസം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷത്തില്‍ വ്യവസായ അടിസ്ഥാന വികസനത്തില്‍ വന്‍ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. വയവസായ ഇടനാഴി വലിയ നേട്ടമാകും .

പുതിയ 14 വ്യവസായ പാര്‍ക്കുകള്‍ തയ്യാറായി വരികയാണ്. അത് നല്ലതുപോലെ  വ്യവസായങ്ങളെ ആകര്‍ഷിക്കും. ഈ നേട്ടങ്ങളുടെ ഫലം പൂര്‍ണമായി അനുഭവിക്കുന്നതിന് പുതിയ സംരംഭകത്വ സംസ്‌ക്കാരം വളര്‍ത്തി എടുക്കേണ്ടതുണ്ടന്നും മുഖ്യമന്ത്രി വിശദീകരിച്ചു.












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top