തിരുവനന്തപുരം > ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് 17 ഉം കാസർകോട് 16 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേർ വയനാട്ടിലാണ് ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേരാണ്.
42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിൽ പെട്ട 4630 സാമ്പിളുകൾ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16. ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്ത് നിന്ന് വന്ന 311 പേർക്ക് കൊവിഡ്. ഇതിന് പുറമെ 8 പേർ വിദേശികളുമുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർ രോഗബാധിതരായി. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കി. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാൽ കരുതൽ വർധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം.
ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാർ ബൈക്കിൽ പട്രോളിങ് നടത്തും. ശനിയാഴ്ചകളിലെ സർക്കാർ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്‌ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും. എല്ലാവരും സഹകരിക്കണം.
വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരത്ത് 53 കേസ്, കാസർകോട് 11.അതിർത്തിയിലും ചെക്പോസ്റ്റിലും പൊലീസുകാരെ അധികമായി നിയോഗിച്ചു. നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങൾ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3732 പേർ വിദേശത്ത് നിന്നെത്തി. കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകൾ പോയി. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെ എത്തി. അവരിൽ മൂന്ന് പേർക്ക് തമിവ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹയാത്രക്കാർക്ക് പ്രത്യേക പരിശോധന നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..