26 December Thursday

സഗിത ഓർമിപ്പിക്കുന്നു: ക്വാറന്റൈനിലുള്ളതിനേക്കാൾ ഒറ്റപ്പെട്ടേക്കാം, പക്ഷേ തളരരുത്

എ എസ് ജിബിനUpdated: Sunday May 24, 2020

കൊച്ചി
‘നിരീക്ഷണത്തിൽ കഴിയുന്നവരുടെ ദൃഷ്ടി പതിഞ്ഞാൽ കോവിഡ് വരുമെന്നു കരുതി മുഖം ചുളിക്കുന്നവരുണ്ടാകും. ശുദ്ധവായു ശ്വസിക്കാൻ ഇടയ്ക്കൊന്ന് ജനൽ തുറയ്ക്കുന്നതും കഴുകിയ വസ്ത്രം വിരിക്കാൻ മുറിയോട് ചേർന്ന ബാൽക്കണിയിലേക്ക് വരുന്നതും കുറ്റമായി കരുതുന്നവരുമുണ്ടാകും. ഇവരൊക്കെ എന്തിനാണിപ്പോൾ നാട്ടിലേക്ക് വന്നതെന്ന് ചോദിച്ചവരുമുണ്ടാകും... ഇതെല്ലാം അറിയുമ്പോൾ വിഷമം തോന്നും. പക്ഷേ, തളരരുത്. ഒരാൾക്കുപോലും നമ്മളിലൂടെ രോ​ഗം വരരുതെന്ന ജാ​ഗ്രതയോടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോവുക’–- ചിറ്റൂരിലെ വീട്ടിൽ 12 ദിവസമായി നിരീക്ഷണത്തിൽ കഴിയുന്ന സ​ഗിതയ്ക്ക് നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളോട് പറയാനുള്ളത്‌ ഇതാണ്.

മെയ് ഒമ്പതിന് രാത്രിയാണ് ​ഗർഭിണിയായ സ​ഗിത, മസ്കറ്റിൽനിന്നുള്ള ആ​ദ്യത്തെ ഫ്ലൈറ്റിൽ  കൊച്ചിയിലെത്തിയത്. ഫെബ്രുവരി 21ന് ഭർത്താവിനെ കാണാൻ സന്ദർശനവിസയിൽ ഒമാനിലേക്ക് പോയതായിരുന്നു സ​ഗിത. ‌‌ഒരുമാസം പിന്നിട്ടതോടെ മസ്കറ്റിൽ ദിവസം 100–-150 പേർക്ക് കോവിഡ് സ്ഥിരീകരിക്കാൻ തുടങ്ങിയപ്പോൾ ഭീതിയിലായി. ഇതോടെ നാട്ടിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്തു. ഏഴിന് നാട്ടിലേക്ക് മടങ്ങാമെന്ന അധികൃതരുടെ അറിയിപ്പ് ലഭിച്ചു. ഇതോടെയാണ് മസ്കറ്റിൽനിന്ന് സഗിത ഒറ്റയ്ക്ക് നാട്ടിലേക്കെത്തുന്നത്. തനിക്കൊപ്പം യാത്ര ചെയ്യുന്നവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതിനാൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ചിറ്റൂരിലെ വീട്ടിലേക്ക് തനിച്ചാണ് സ​ഗിത എത്തിയത്. രാത്രിയായതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഭയം തോന്നിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ,  ‘പേടിക്കേണ്ട... നിങ്ങളുടെ എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈയിലുണ്ട്... ഒന്നും സംഭവിക്കില്ല’ എന്നു പറഞ്ഞ് ധൈര്യം നൽകി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡ്രൈവറും കരുതലോടെയാണ് വണ്ടിയോടിച്ചത്. ഇതെല്ലാം താൻ നാട്ടിൽ സുരക്ഷിതയാണെന്ന ഉറപ്പ്‌ സ​
ഗിതയ്ക്ക് നൽകി.

വീട്ടിലെത്തിയതുമുതൽ ദിവസവും പൊലീസ് സ്റ്റേഷൻ, ആരോ​ഗ്യവകുപ്പ് എന്നിവിടങ്ങളിൽനിന്ന് വിളിയെത്തുന്നുണ്ട്.  പരിചയക്കാരിയോടെന്നപോലെ അവർ സുഖവിവരങ്ങൾ അന്വേഷിക്കും. സൗഹൃദസംഭാഷണത്തിനൊപ്പം പാലിക്കേണ്ട നിർദേശങ്ങളും പറയും. സഗിത വീട്ടിലെത്തിയതോടെ ഭർത്താവ് റോണിന്റെ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. വീട്ടിലെ മുകളിലത്തെ നിലയിലാണ് സഗിത നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച സഗിതയുടെയും കുടുംബത്തിന്റെയും നിരീക്ഷണ കാലയളവ് അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top