24 July Wednesday

സംസ്‌ഥാനത്ത്‌ അതി തീവ്രവ്യാപനത്തിന്‌ സാധ്യത; 3 ലക്ഷം പേർക്ക്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Apr 21, 2021


തിരുവനന്തപുരം> സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത. പ്രതിദിന രോഗികളുടെ എണ്ണം നാൽപ്പതിനായിരം വരെ ആയി ഉയർന്നേക്കാമെന്നാണ്  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് കോര്‍ കമ്മറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദേശം നൽകി.നിലവിൽ 1,18,673 പേരാണ്  ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരില്‍ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിനടുത്ത്‌ ഉയർന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.  

മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തും. ജില്ലാ ടി.പി.ആറിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും.

അതേസമയം, കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്‌ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യു സംസ്ഥാനത്ത് നിലവിൽ വന്നു. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.

നിലവിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയിൽ പ്രാദേശിക ലോക്ക്ഡൌൺ നിലവിൽ വന്നു. ഇന്നും നാളെയും ജില്ലയിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉൾപ്പെടെ 113 വാർഡുകളെയാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകീട്ട് ആറ് മണി മുതൽ അടച്ചിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top