22 November Friday

കോവിഡ്‌ രണ്ടാം തരംഗം : കൂടുതൽ ബാധിച്ചത്‌ ചെറുപ്പക്കാരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021


കോവിഡ് രണ്ടാം തരംഗത്തിൽ  21 മുതൽ 30 വയസ്സ്‌ വരെയുള്ളവരിലാണ്‌ കൂടുതൽ രോഗവ്യാപനമുണ്ടായതെന്ന്‌  ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. ഈ പ്രായത്തിലുള്ള 2,61,232 പേർക്ക്‌ രോഗം ബാധിച്ചു. 31 മുതൽ 40 വയസ്സുവരെയുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ്സുവരെയുള്ള 2,33,126 പേരും രോഗബാധിതരായി.
രണ്ടാം വ്യാപനം കൂടുതലായും ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ്‌ ബാധിച്ചത്. മരണനിരക്ക് കൂടുതൽ  81 മുതൽ 90 വയസ്സുവരെയുള്ളവരിലാണ്, 2.93 ശതമാനം. ഈ പ്രായക്കാരിൽ 17,105 പേർക്ക് രോഗം ബാധിച്ചു, 502 പേർ മരിച്ചു. 71 മുതൽ 80 വയസ്സുവരെയുള്ളവരിൽ മരണനിരക്ക്‌ 1.94 ശതമാനവും 91 മുതൽ 100 വയസ്സുവരെയുള്ളവരിൽ 1.55 ശതമാനവുമാണ്.

ചെറുപ്പക്കാരിലെ മരണനിരക്ക് രണ്ടാം തരംഗത്തിൽ കൂടിയി‌ട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരണ നിരക്ക് കൂടുതൽ പ്രായാധിക്യമുള്ളവരിലും പ്രമേഹം, ഉയർന്ന രക്തസമ്മർദം, ക്യാൻസർ, ഹൃദ്രോഗം, വൃക്കരോഗം, തൈറോയ്ഡ് എന്നീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി പറഞ്ഞു. ഐ ബി സതീഷിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ബ്ലാക്ക് ഫംഗസ് 57 പേർക്ക്‌
മെയ് 31 വരെയുള്ള കണക്കനുസരിച്ച് കോവിഡ് ബാധിതരായ 57 പേരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈക്കോസിസ്) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇവരിൽ നാല്‌ പേർ തമിഴ്‌നാട്‌ സ്വദേശികളാണ്‌. കോവിഡ് ബാധിതരല്ലാത്ത ആറു പേരിലും രോഗം റിപ്പോർട്ട് ചെയ്തു‌. ഇതിൽ രണ്ട്‌ പേർ തമിഴ്‌നാട്ടുകാരാണ്‌. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസ് രോഗത്തെപ്പറ്റി വിശദമായ പഠനം നടത്താൻ വിവിധ മേഖലകളിലെ ആരോഗ്യവിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top