കണ്ണൂർ > ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഡിപിഐയേയും അനുകൂലിച്ച് യുഡിഎഫ് നേതാവ് സി പി ജോൺ. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്നാണ് സിഎംപി ജനറൽ സെക്രട്ടറിയായ സി പി ജോൺ പറഞ്ഞത്. ആർഎസ്‌എസിനെ എതിർക്കേണ്ടത് പോലെ ജമാഅത്തെ ഇസ്ലാമിയേയും എതിർക്കേണ്ടതില്ലെന്നും വർഗീയത ആയാലും എസ്‌ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും കൂടെ നിൽക്കണം എന്നും സി പി ജോൺ പറഞ്ഞു.
‘ന്യൂനപക്ഷങ്ങളുടെ സംഘടനകൾ ആർഎസ്‌എസിനെപ്പോലെയല്ല. ന്യൂനപക്ഷ വർഗീയതയായാലും അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. ഇരകളെന്ന പരിഗണന അവർക്ക് നൽകണം. തെരഞ്ഞെടുപ്പുകളിൽ ജമാ അത്തെയെയും എസ്‌ഡിപിഐയെയും പോലുള്ള സംഘടനകളുടെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്നും’ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സി പി ജോൺ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെങ്കിലും ജയിക്കാനുള്ള പണിയാണ് ഇപ്പോൾ എടുക്കേണ്ടതെന്നായിരുന്നു കോൺഗ്രസിലെ തമ്മിലടിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴുള്ള സിഎംപി നേതാവിന്റെ മറുപടി.
കോൺഗ്രസ് നേതാവായ കെ മുരളീധരനും ഇന്ന് രാവിലെ ജമാഅത്തെ ഇസ്ലാമിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന നേതാവായ സി പി ജോണും സമാന രീതിയിലുള്ള പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..