തിരുവനന്തപുരം/ വയനാട് > സിപിഐ എം തിരുവനന്തപുരം, വയനാട് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ശനി രാവിലെ ഒമ്പതിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ജിവി രാജ കൺവൻഷൻ സെന്റർ, കോവളം) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്‌ഘാടനശേഷം ജില്ലാ സെക്രട്ടറി വി ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ച. സമ്മേളനത്തിന് സമാപനംകുറിച്ചുള്ള പൊതുസമ്മേളനം തിങ്കൾ വൈകിട്ട് നാലിന് സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ 2.30ന് ആഴാകുളത്തുനിന്ന് വിഴിഞ്ഞത്തേക്ക് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും നടക്കും. 19 ഏരിയകളിൽനിന്നുള്ള 439 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
സിപിഐ എം വയനാട് ജില്ലാ സമ്മേളനം ബത്തേരിയിൽ നടക്കും. പൊതുസമ്മേള നഗരിയായ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ(നഗരസഭാ സ്‌റ്റേഡിയം) വെള്ളി വൈകിട്ട് കൊടി ഉയർന്നു. സംഘാടക സമിതി ചെർമാൻ വി വി ബേബി പതാക ഉയർത്തി. മൂന്ന് ദിനം നീളുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് പി എ മുഹമ്മദ് നഗറിൽ(എടത്തറ ഓഡിറ്റോറിയം) പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും.
11,678 പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 217പേർ സമ്മേളനത്തിൽ പങ്കെടുക്കും. ഞായർ വൈകിട്ട് അഞ്ചിന് നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ സാംസ്‌കാരിക സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തിങ്കൾ വൈകിട്ട് ചുവപ്പ്‌സേനാ മാർച്ചും കാൽ ലക്ഷംപേർ അണിരക്കുന്ന ബഹുജന പ്രകടനവുമുണ്ടാകും. അലോഷിയുടെ സംഗീത വിരുന്നുമുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, ടി എം തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, പി കെ ബിജു , മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..