27 December Friday

പാലക്കാട് ബിജെപിയും കോൺഗ്രസും വ്യാജവോട്ടുകൾ ചേർത്തെന്ന് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മരിച്ചവരെക്കൊണ്ട് പോലും വോട്ട് ചെയ്യിക്കാൻ കോൺ​ഗ്രസും ബിജെപിയും. മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഇത് സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.

ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്, ഇവർ ആ ബൂത്തിലുള്ളവരല്ല. മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ട്. ഇത്തരത്തിൽ പലയിടത്തും വ്യാജവോട്ടുകൾ ചേർത്തതിന് തെളിവുണ്ടെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ളയാളായതിനാൽ ഇതിൽ പുതുമയില്ല. മരിച്ചു പോയവർ പോലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന പ്രചാരണമാണ് പാലക്കാട് മണ്ഡലത്തിൽ വി ഡി സതീശനും ഷാഫിയും നടക്കുന്നത്.  തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രമേശ് ചെന്നിത്തല പറഞ്ഞത് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നായിരുന്നു. കെ മുരളീധരനും അത് ത‌ന്നെ ആവർത്തിച്ചു. ‌എന്നാൽ ഷാഫിയും സതീശനും പറയുന്നു യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന്.

മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന് ഇത്ര പേടിയുള്ള ഷാഫി എന്തിനാണ് പാലക്കാട് നിന്ന് രാജിവച്ച് വടകരയിൽ മത്സരിക്കാൻ പോയത്. തോറ്റ സീറ്റ് പിടിച്ചെടുക്കാൻ പോയതല്ലല്ലോ. കെ മുരളീധരൻ ജയിച്ച് സീറ്റായിരുന്നില്ലെ അത്.  മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയിട്ടുള്ള ബിജെപിയെ ജയിപ്പിക്കാനുള്ള നാടകമാണ് ഷാഫി നടത്തുന്നത്. ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്. 2021ൽ മലമ്പുഴയിൽ 20,000 വോട്ടുകൾ എൻഡിഎയ്ക്ക് വേണ്ടി കോൺഗ്രസ് അട്ടിമറിച്ചെന്നും ഷാഫിയാണ് വോട്ട് മറിച്ചതെന്നും ഇ എൻ സുരേഷ് ബാബു  ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top