തിരുവനന്തപുരം
നവംബർ 13ന് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ സിപിഐ എമ്മിലെ യു ആർ പ്രദീപും പാലക്കാട് ഡോ. പി സരിനുമാണ് സ്ഥാനാർഥികളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ നേതാവ് സത്യൻ മൊകേരിയെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ ബിജെപി ബന്ധം തുറന്നുകാട്ടി പുറത്തുവന്ന ഡോ. സരിൻ എൽഡിഎഫ് സ്വതന്ത്രനായാണ് ജനവിധി തേടുക. മൂന്നിടത്തും എൽഡിഎഫ് മികച്ച വിജയം നേടും. മുന്നണി നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യമായ പ്രവർത്തനവും ജനകീയ ഇടപെടലുകളുംകൊണ്ട് ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പൊതുപ്രവർത്തകനാണ് യു ആർ പ്രദീപ് (50). 2016 മുതൽ 21 വരെ ചേലക്കര എംഎൽഎയായിരുന്നു. പ്രളയസമയത്തും കോവിഡ് കാലത്തും നാടിന്റെ കാവലാളായി. 2022 മുതൽ സംസ്ഥാന പട്ടികജാതി -പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനാണ്. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും ബിബിഎയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. 2000-–-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും 2005–-10വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ചേലക്കര പാളൂർ തെക്കേപുരക്കൽ പരേതരായ രാമന്റയും ശാന്തയുടെയും മകനാണ്. ഭാര്യ: പ്രവിഷ. മക്കൾ: കാർത്തിക്, കീർത്തന.
സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കെത്തിയ ആളാണ് ഡോ. പി സരിൻ (40). കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് 2007ൽ എംബിബിഎസ് പാസായി. യൂണിയൻ ചെയർമാനായിരുന്നു. സിവിൽ സർവീസ് നേടി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി. 2016-ൽ ജോലി രാജിവച്ച് കോൺഗ്രസ് പ്രവർത്തകനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി ഡിജിറ്റൽ മീഡിയ സംസ്ഥാന കൺവീനർ, എഐസിസി ഗവേഷക വിഭാഗം കോ–-ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ്. നിലവിൽ പാലക്കാട് നഗരത്തിനടുത്ത് കാടാങ്കോട് താമസം. അച്ഛൻ: എം രാമകൃഷ്‌ണൻ. അമ്മ: പി ഗീത. നവജാത ശിശുരോഗ വിദഗ്‌ധ ഡോ. സൗമ്യ സരിനാണ് ഭാര്യ. മകൾ: സ്വാതിക സരിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..