ചൂരൽമല
നഷ്ടപ്പെടലിന്റെ കഥകൾ മാത്രം ബാക്കിയുള്ള ചൂരൽമലയിലെ സിപിഐ എം പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ താൽക്കാലിക ഭവനങ്ങളിൽനിന്ന് ലോക്കൽ സമ്മേളനത്തിനായി ഒത്തുചേർന്നു. ഉരുളൊഴുക്കിയ ഭൂമിയിൽ വിപ്ലവവീര്യത്തോടെ അവർ അതിജീവനത്തിന്റെ ചെങ്കൊടി ഉയർത്തി. ഉറ്റവരുടെ ഓർമകൾക്കുമുന്നിൽ കണ്ണീരടക്കി ഇടറിയ ശബ്ദത്തോടെ ഇൻക്വിലാബ് ഉയർന്നു.
ഞായർ രാവിലെതന്നെ സമ്മേളന പ്രതിനിധികളും പ്രവർത്തകരും സിപിഐ എം ചൂരൽമല ലോക്കൽ സമ്മേളനം നടക്കുന്ന നീലിക്കാപ്പിൽ എത്തി. ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല ബ്രാഞ്ചുകൾ ഇല്ലാതായി. പാർടി അംഗങ്ങളായ ഷംസുദീൻ, ഷാജഹാൻ, ബഷീർ എന്നിവരും നിരവധി സഖാക്കളും മരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ താൽക്കാലിക വീടുകളിൽ കഴിയുന്ന പ്രതിനിധികളെ പ്രവർത്തകർ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്. കുടുംബാംഗങ്ങളടക്കം നഷ്ടമായവരാണ് എല്ലാവരും. വിവരങ്ങൾ പങ്കുവയ്‌ക്കുമ്പോൾ അവർക്ക് ശബ്ദമിടറി. പിന്നീട് അതിജീവനത്തിന്റെ കരുത്തുമായി മുദ്രാവാക്യം വിളികളോടെ നീലിക്കാപ്പിലെ സ്മൃതികുടീരത്തിലേക്ക് പ്രകടനമായെത്തി. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചിത്രമുള്ള ബാനറിനുമുന്നിൽ ഒത്തുകൂടി. പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കണ്ട് ഉള്ളുലഞ്ഞു. ഏറെനേരം ഇമവെട്ടാതെ നോക്കിനിന്നു. നിശ്ശബ്ദമായി കരഞ്ഞു.
നീലിക്കാപ്പ് പാരിഷ്‌ഹാളിലെ കെ എം ഐസക് നഗറിലായിരുന്നു ലോക്കൽ സമ്മേളനം. ഏഴ് ബ്രാഞ്ചുകളിൽനിന്നായി 64 പ്രതിനിധികളാണ് പങ്കെടുത്തത്. ഉരുളെടുത്ത പ്രിയപ്പെട്ടവർക്ക് സമ്മേളനം ആദരാഞ്ജലിയർപ്പിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..