കൊച്ചി
സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായ കലൂർ കുറ്റിപ്പുറത്തുവീട്ടിൽ കെ ജെ ജേക്കബ് (77) അന്തരിച്ചു. ഹൃദ്‌രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ രാവിലെ 7.40നായിരുന്നു അന്ത്യം. കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയ്‌നിലെ വീട്ടിൽ ചൊവ്വ പകൽ മൂന്നുവരെ പൊതുദർശനത്തിനുശേഷം കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റാണ്. കലൂർ ലെനിൻ സെന്ററിലും വസതിയിലുമായി നിരവധി പേർ അന്ത്യാഞ്‌ജലി അർപ്പിച്ചു.
കെഎസ്‌വൈഎഫ് കണയന്നൂർ താലൂക്ക് വൈസ് പ്രസിഡന്റായും നിരവധി തൊഴിലാളി യൂണിയനുകളുടെ നേതൃനിരയിലും പ്രവർത്തിച്ചു. 18 വർഷം സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറിയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ കൗൺസിൽ അംഗം, ബാംബൂ കോർപറേഷൻ ചെയർമാൻ, കൊച്ചി കോർപറേഷൻ പ്രതിപക്ഷനേതാവ്, എറണാകുളം അർബൻ സഹകരണ ബാങ്ക് ഡയറക്ടർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതരായ കെ സി ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: മേരി. മക്കൾ: ബ്രൈനി റോസ് ജേക്കബ് (ചാർട്ടേഡ് അക്കൗണ്ടന്റ്), അരുൺ ജേക്കബ് (എൻജിനിയർ, സിംഗപ്പൂർ), അനു ജേക്കബ് (എൻജിനിയർ, ബിഎസ്എൻഎൽ, മുംബൈ). മരുമക്കൾ: അഭിലാഷ് പി ചെറിയാൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), ദീപ്തി ജോൺ (കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്, എറണാകുളം), ഗാവിഷ് ജോർജ് (എൻജിനിയർ, മുംബൈ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..