17 November Sunday

കേന്ദ്രനയങ്ങൾക്കെതിരെ പ്രചാരണവാരം ; ഒക്ടോബർ15 മുതൽ നവംബർ 15 വരെ സിപിഐ എം പ്രക്ഷോഭം

പ്രത്യേക ലേഖകൻUpdated: Wednesday Oct 2, 2024


ന്യൂഡൽഹി
ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ   പ്രചാരണവാരം സംഘടിപ്പിക്കാൻ  സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു.  ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ നിർദേശത്തിനെതിരെ പൊതുജനാഭിപ്രായം ഉയർത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.  പെട്രോളിന്റെയും ഡീസലിന്റെയും മറ്റ്‌ അവശ്യവസ്‌തുക്കളുടെയും  വർധിച്ചുവരുന്ന വില, തൊഴിലില്ലായ്‌മയും അടിസ്ഥാനസേവനങ്ങളുടെ സ്വകാര്യവൽക്കരണവും, സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നീ വിഷയങ്ങളാണ്‌  പ്രചാരണവാരത്തിൽ ഉയർത്തുകയെന്ന്‌ -കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയിൽ അറിയിച്ചു.

പാർലമെന്റ്‌, നിയമസഭകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ ഒരേ സമയം തെരഞ്ഞെടുപ്പ്‌ നടത്താനുള്ള നീക്കം പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും. പാർലമെന്റിനും നിയമസഭകൾക്കും അഞ്ച്‌ വർഷ കാലാവധി എന്ന ഭരണഘടനാ  ലംഘനമാണിത്‌. ഇതുവഴി എല്ലാ അധികാരവും ഒരു നേതാവിൽ നിക്ഷിപ്‌തമാക്കുന്ന കേന്ദ്രീകൃത ജനാധിപത്യ സംവിധാനം നിലവിൽവരികയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യും.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പനവില ഉടൻ കുറയ്‌ക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കൊല്ലം ഏപ്രിലിനുശേഷം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 18 ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്നത്‌ മോദിസർക്കാർ ഇടപെട്ട്‌ വിലക്കി. ഉയർന്ന ഇന്ധനവില    എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന്‌ ഇടയാക്കി. ഇലക്ടറൽ ബോണ്ട്‌ പദ്ധതി വഴി പണം തട്ടിയെടുത്തെന്ന പരാതിയിൽ ധനമന്ത്രി നിർമല സീതാരാമനെതിരെ  ബംഗളൂരു പ്രത്യേക കോടതിയുടെ നിർദേശപ്രകാരം എടുത്ത കേസിൽ ശരിയായ അന്വേഷണം വേണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരി, മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ്‌ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളുടെ വിയോഗത്തിൽ അനുശോചിച്ച്‌ യോഗം പ്രമേയം പാസാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top