22 December Sunday

പ്രതിപക്ഷം തീരാക്കളങ്കമുണ്ടാക്കി : 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


തിരുവനന്തപുരം
എല്ലാ ജനാധിപത്യ രീതികളെയും തകർക്കുന്ന പ്രവർത്തനമാണ്‌ നിയമസഭയിൽ പ്രതിപക്ഷം നടത്തിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌. മലപ്പുറത്തെക്കുറിച്ച്‌ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന്‌ പറഞ്ഞാണ്‌ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയത്.  ചർച്ചക്ക്‌ തയ്യാറാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടും നിയമസഭ തടസ്സപ്പെടുത്തി  പ്രതിപക്ഷം തീരാക്കളങ്കമുണ്ടാക്കിയെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

സഭാചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണിത്‌. മലപ്പുറം കേന്ദ്രീകരിച്ച്‌ ചർച്ചനടന്നാൽ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന്‌ മനസ്സിലാക്കിയാണ്‌ പ്രതിപക്ഷം പ്രശ്‌നമുണ്ടാക്കിയത്‌. മലപ്പുറമുൾപ്പെടെ പിന്നാക്ക പ്രദേശങ്ങൾക്കുവേണ്ടി ആരാണ്‌ ഇടപെട്ടതെന്ന ചരിത്ര സത്യവും സഭ ചർച്ച ചെയ്യുമായിരുന്നു. 1921-ലെ മലബാർ കാർഷിക കലാപത്തെതുടർന്ന്‌ ബ്രിട്ടീഷുകാരിൽനിന്ന്‌ നേരിടേണ്ടിവന്ന്‌ പ്രതികാരനടപടികൾ പരിഹരിക്കാൻ ഇടപെട്ടതുൾപ്പെടെ ഇടതുസർക്കാരുകൾ ചെയ്ത പ്രവർത്തനങ്ങളാണ്‌ മലപ്പുറത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായത്‌. ഭൂപരിഷ്കരണ നിയമം, മുസ്ലിങ്ങൾക്ക്‌ തൊഴിൽ സംവരണം, ആരാധനാലയം നിർമിക്കാനും പോലീസ്‌ സേനയിൽ ചേരാനുമുള്ള  വിലക്ക്‌ നീക്കൽ എന്നിവ നടപ്പാക്കിയത്‌ 1957-ലെ ഇഎംഎസ്‌ സർക്കാരാണ്‌. 1967ൽ ജില്ലയും സർവകലാശാലയും അനുവദിച്ചപ്പോൾ ‘കുട്ടിപാക്കിസ്ഥാൻ ’ എന്നുപറഞ്ഞ്‌ ജില്ലാരൂപീകരണത്തെ സംഘപരിവാർ എതിർത്തു.  അവർക്കൊപ്പം കോൺഗ്രസും ചേർന്നു. അന്ന്‌ ഇഎംഎസ്‌ പറഞ്ഞത്‌, മറ്റ്‌ ജില്ലകളെപ്പോലെതന്നെ ഇത്‌ എല്ലാ വിഭാഗങ്ങളുടേതുമാണ്‌ എന്നാണ്‌.

സംഘപരിവാറിന്റെ മതരാഷ്‌ട്രവാദങ്ങളെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിന്നത്‌ സിപിഐ എമ്മാണ്‌. 218 പാർടി പ്രവർത്തകർ ആർഎസ്‌എസിനെ പ്രതിരോധിക്കാൻ രക്തസാക്ഷിത്വം വരിച്ചു.  ഇടതുപക്ഷത്തെ തകർക്കുകയെന്ന സംഘപരിവാർ അജൻഡയ്‌ക്കൊപ്പമാണ്‌ കോൺഗ്രസ്‌–--ലീഗ്‌–- എസ്‌ഡിപിഐ-–- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്‌. പി വി അൻവറിനെ  ഉപയോഗപ്പെടുത്തിയുള്ള രാഷ്‌ട്രീയനാടകം ഇതിന്റെ ഭാഗമാണ്‌. അൻവർ ഉയർത്തുന്ന ജില്ലാവിഭജനം ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മതരാഷ്‌ട്ര കാഴ്‌ചപ്പാടുള്ളവരുടേതാണെന്ന അപകടം തിരിച്ചറിയണമെന്നും  പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top