22 December Sunday

ശ്വേത മേനോന്റെ പരാതി ; യൂട്യൂബ് ചാനലിൽ ലൈംഗികച്ചുവയുള്ള 
ഉള്ളടക്കം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


കൊച്ചി
നടി ശ്വേത മേനോനെതിരെ യൂട്യൂബ് ചാനലിലൂടെ ലൈംഗികച്ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ എന്ന തൃപ്പൂണിത്തുറ വൈരേലി നഗർ തിരുവാതിര തുരുത്തിൽ ടി പി നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന്‌ സമീപത്തുനിന്ന്‌ ചൊവ്വ പകൽ 2.45നാണ്‌ നോർത്ത്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ലൈംഗിക അധിക്ഷേപത്തിനും ഐടി ആക്ട്‌ പ്രകാരം ഇലക്‌ട്രാണിക്‌ മാധ്യമത്തിലൂടെ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനുമാണ്‌ കേസ്‌.

ഒരാഴ്ച മുമ്പാണ്‌ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ശ്വേതമേനോൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽനിന്ന്‌ വീഡിയോ നീക്കണമെന്ന് പൊലീസ് നന്ദകുമാറിനോട്‌ നിർദേശിച്ചു. എന്നാൽ, വീഡിയോ നീക്കാതെ വീണ്ടും പ്രചരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച കേസിൽ 2022ൽ നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ്‌ അറസ്റ്റ് ചെയ്തിരുന്നു.

അശ്ലീലം പറഞ്ഞ്‌ മാനസികമായി പീഡിപ്പിച്ചെന്ന മുൻ ജീവനക്കാരിയുടെ പരാതിയിലും 2022ൽ നന്ദകുമാറിനെ ജാമ്യമില്ലാവകുപ്പുപ്രകാരം അറസ്റ്റ് ചെയ്‌തിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അപകീർത്തി പ്രചാരണം നടത്തിയതിന് കാക്കനാട് സൈബർ പൊലീസ്‌ 2021ലും നന്ദകുമാറിനെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top