22 December Sunday

സ്കൂൾ വിദ്യാർഥികളെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊല്ലം>സ്കൂൾ വിദ്യാർഥിനികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിൽ. പൈനുംമൂട് വിവേകാനന്ദ നഗർ പുളിംകാലത്ത് കിഴക്കതിൽ നവാസ് (52) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോളേജ് ജങ്ഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

ഞായര്‍ പകല്‍ 12.30ന്‌ ചെമ്മാമുക്കിലാണ് സംഭവം. വിമലഹൃദയ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനികളായ ഇരുവരും സമീപത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസുകഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോ സ്റ്റാൻഡിലെത്തി. എന്നാൽ, ഓട്ടോ ഉണ്ടായിരുന്നില്ല. തുടർന്ന് കപ്പലണ്ടിമുക്ക് ഭാഗത്തേക്കു വന്ന ഓട്ടോയിൽ കൈകാണിച്ചു കയറി അമ്മൻനട ഭാഗത്തേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. മെയിൻ റോഡിൽകൂടി പോകാതെ വിമലഹൃദയസ്കൂളിന് പിറകുവശത്തെ ഇടവഴിയിലൂടെയാണ്‌ ഓട്ടോ പോയത്. ഇത് ചോദ്യം ചെയ്തപ്പോൾ ഓട്ടോ ഡ്രൈവർ വിദ്യാർഥിനികളോട് ദേഷ്യപ്പെടുകയും വേഗം കൂട്ടുകയും ചെയ്തു. ഇതോടെ കുട്ടികൾ നിലവിളിച്ചെങ്കിലും സമീപത്ത് ആളുകളുണ്ടായിരുന്നില്ല. തുടർന്ന് ഒരുകുട്ടി ഓട്ടോയിൽനിന്ന് പുറത്തേക്ക്‌ എടുത്തുചാടി. തുടര്‍ന്ന് കുറച്ചുമാറി ഓട്ടോ നിർത്തുകയും വാഹനത്തിലുണ്ടായിരുന്ന കുട്ടികൂടി പുറത്തേക്കിറങ്ങുകയുംചെയ്‌തു.

തുടർന്ന് വിദ്യാർഥിനികളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. വിദ്യാർഥിനികൾ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഓട്ടോയിൽനിന്ന് ചാടിയ ആശ്രാമം സ്വദേശിനിയായ വിദ്യാർഥിനിയുടെ കൈക്കും തോളിനും പരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്ത ശേഷം മാത്രമെ കൂടുതൽ വിവരം ലഭിക്കുകയുള്ളു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുമേഷ്,  സിപിഒമാരായ അജയകുമാർ, അനു ആർ നാദ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top