23 December Monday

ഓർമയിൽ ഗുണ്ടാപ്പകയുടെ ഭീതിദ നാളുകൾ

സ്വന്തം ലേഖകൻUpdated: Wednesday Aug 7, 2024

തിരുവനന്തപുരം
ജെറ്റ്‌ സന്തോഷ്‌ വധക്കേസിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട അമ്മയ്‌ക്കൊരു മകൻ സോജുവും സംഘവും ഹൈക്കോടതി വിധിക്ക്‌ പിന്നാലെ പുറത്തിറങ്ങുമ്പോൾ തലസ്ഥാന നഗരം ഓർക്കുന്നത്‌ ഗുണ്ടാ കുടിപ്പകയുടെ ഭീതിദ നാളുകൾ.
നഗരത്തിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മയ്‌ക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയാണ്‌ നഗരത്തെ വിറപ്പിച്ച കൊലപാതക പരമ്പരകൾക്ക്‌ വഴിയൊരുക്കിയത്‌. 2004 നവംബർ 23നായിരുന്നു ജെറ്റ്‌ സന്തോഷ്‌ കൊല്ലപ്പെട്ടത്‌. മുടിവെട്ടുന്നതിനിടെ ബാർബർ ഷോപ്പിൽനിന്നും തട്ടിക്കൊണ്ടുപോയി കൈയും കാലും വെട്ടിമാറ്റി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. പിന്നീട്‌ വാളിയോട്ടുകോണം ചന്തയ്‌ക്കുസമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ  മൃതദേഹം കണ്ടെത്തി. സോജുവിന്റെ എതിർ സംഘാംഗമായിരുന്നു ജെറ്റ്‌ സന്തോഷ്‌.
സന്തോഷ്‌ വധക്കേസിന്‌ തുടർച്ചയായി വീണ്ടും കൊലപാതകങ്ങൾ നടന്നു.

ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന സീരിയൽ കൊലപാതകങ്ങളുടെ ബാക്കിപത്രമായിരുന്നു 2012ലെ കരമന സജി വധക്കേസ്‌. സോജുവിന്റെ സഹോദരീ ഭർത്താവ്‌ മൊട്ട അനിയെ 2006ൽ അമ്പിളിയുടെ സംഘം കൊലപ്പെടുത്തി. ചൂഴാറ്റുകോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാൻ അയാളുടെ വലംകൈയായ സജിയെ 2012 സെപ്‌തംബർ ആറിന് രാത്രി മുഴുവൻ പല സ്ഥലങ്ങളിൽ കൊണ്ടുപോയി തടങ്കലിൽവച്ച് വെട്ടിയും തുടയിലും മുതുകിലുമായി ഒമ്പത്‌ തവണ കുത്തിയും വരഞ്ഞും മൃതപ്രായനാക്കി. വിവരം ലഭിക്കാത്തതിനാൽ കൊന്ന്‌ തള്ളുകയായിരുന്നു. സജിയെ തടങ്കലിൽ വയ്‌ക്കുംമുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തികൊണ്ട് വരഞ്ഞ്‌ റോഡിൽ തള്ളുകയും ചെയ്‌തു. അടുത്തിടെ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട ദീപുവിന്റെ വധത്തിലും പ്രതിയാണ്‌ അമ്പിളി.

നഗരാതിർത്തിയായ ചൂഴാറ്റുകോട്ടയിൽ നടന്ന ഗുണ്ടകളുടെ കൊലപാതകങ്ങളിൽ പലതിലും അമ്പിളിക്കും സോജുവിനും പങ്കുണ്ടായിരുന്നു. മൊട്ട അനിയെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ പാറശാല ബിനുവിനെ കൊലപ്പെടുത്താൻ എതിർ സംഘാംഗമായ തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്‌. ഇതിനുള്ള പ്രതികാരമായി 2011ൽ തങ്കൂട്ടൻ കൊല്ലപ്പെട്ടു.  പാറശാല ബിനുവിന്റെ സഹോദരൻ മുരുകനും സംഘവുമായിരുന്നു നടുറോഡിൽ ബോംബെറിഞ്ഞ്‌ ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്‌. നൂറ്‌ പരിക്കാണ്‌ തങ്കൂട്ടന്റെ മൃതദേഹത്തിലുണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top