22 December Sunday
സാംസ്‌കാരിക കേരളത്തിന്‌ അപമാനമെന്ന്‌ മന്ത്രി

ഗർഭിണിയായ കുതിരയ്‌ക്ക്‌ ക്രൂരമർദനം : അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കുതിരയെ വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കുന്നു


കൊല്ലം
കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുതിരയെ സാമൂഹ്യവിരുദ്ധർ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പ്രതിഷേധം ഉയർന്നു. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ കിട്ടിയത്. ഉടമ ഷാനവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസെടുക്കുകയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം ഊർജിതമാക്കി. വ്യാഴം വൈകുന്നേരമാണ്‌ അയത്തിൽ തെക്കേക്കാവ് ക്ഷേത്രമൈതാനത്ത് കെട്ടിയിരുന്ന കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഷാനവാസിന്റെ ദിയ എന്ന പെൺ കുതിരയെ സ്കൂട്ടറിലും കാറിലുമായെത്തിയ ആറംഗസംഘം മർദിച്ചത്‌. അഞ്ചുമാസം മുമ്പാണ് ഷാനവാസ് കുതിരയെ ഗുജറാത്തിൽനിന്ന്‌ വാങ്ങിയത്. തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകൽ കെട്ടുന്നത്. വൈകുന്നേരം കുതിരയെ അഴിക്കാൻ എത്തിയപ്പോൾ ശരീരത്തും മുഖത്തും മർദനമേറ്റ പാടുകളും മുറിവുകളും കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ സിസിടിവിയിൽനിന്ന്‌ മർദന ദൃശ്യങ്ങൾ കിട്ടിയത്‌. 

കുതിരയെ തെങ്ങിനോട് ചേർത്ത് അനങ്ങാനാകാതെ കെട്ടിയിട്ടായിരുന്നു മർദനം. കുതിരയെ മറിച്ചിട്ട്‌ വയറ്റിൽ തൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. കരച്ചിൽകേട്ട് സമീപവാസികൾ വന്നെങ്കിലും അക്രമിസംഘത്തെ ഭയന്ന്‌ പിൻമാറി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ പരിശോധനയിൽ മുഖത്തും നെഞ്ചിലും കാലുകളിലും നീർക്കെട്ട് കണ്ടെത്തി. ഗർഭസ്ഥാവസ്ഥയ്ക്ക് കുഴപ്പമില്ലെന്നും മുറിവുകൾ ഉണങ്ങുന്നുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി ഷൈൻകുമാർ പറഞ്ഞു. സംസ്കാരിക കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും കുതിരയ്ക്ക് വേണ്ട ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top