കൊച്ചി
ചെങ്കടൽ മേഖലയിലെ കടൽക്കൊള്ളക്കാരുടെയും യമൻ ഹൂതികളുടെയും ആക്രമണവും പശ്ചിമേഷ്യൻ സംഘർഷവും കേരളത്തിന്റെ ആഡംബര കപ്പൽ ടൂറിസത്തിന് കനത്ത ആഘാതമാകുന്നു. ചെങ്കടൽവഴിയുള്ള കപ്പൽഗതാഗതം ദുഷ്കരമായതിനാൽ നിരവധി ആഡംബര കപ്പലുകളാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുന്നത്. ആഡംബര കപ്പൽ വിനോദസഞ്ചാര ഹബ്ബായി വളരാൻ സജ്ജീകരണങ്ങൾ ഒരുക്കുന്ന കൊച്ചിക്കും ഇത് വൻ വരുമാനനഷ്ടമുണ്ടാക്കും.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ വെള്ളിയാഴ്ചവരെയുള്ള കണക്കനുസരിച്ച് 10 വിദേശയാത്രാക്കപ്പലുകളും രാജ്യത്തെ വിവിധ തുറമുഖങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന എട്ട് ആഭ്യന്തര കപ്പലുകളുമാണ് കൊച്ചിയിലെത്തിയത്. കൊച്ചി തുറമുഖ അതോറിറ്റിയുടെ കണക്കുപ്രകാരം നടപ്പുസാമ്പത്തികവർഷം 34 വിദേശ കപ്പലുകളടക്കം 46 ആഡംബര കപ്പലുകൾ കൊച്ചി തുറമുഖത്തെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതില്‍ 13 വിദേശ കപ്പലുകളാണ് യാത്ര റദ്ദാക്കിയത്. 2025 മെയ് വരെയുള്ള സീസണിലേക്ക് യാത്ര ഉറപ്പിച്ചിരുന്ന 17 വിദേശക്കപ്പലുകള്‍ ഇതിനകം യാത്ര ഒഴിവാക്കിയതായി അറിയിച്ചെന്ന് പ്രമുഖ കപ്പല്‍ സര്‍വീസ് കമ്പനിയുടെ കൊച്ചിയിലെ പ്രതിനിധി പറഞ്ഞു. 11 കപ്പലുകളാണ് ഇനി എത്താനുള്ളത്. നിലവിലെ സാഹചര്യം അനുസരിച്ച് ഇവയുടെ വരവും ഉറപ്പാക്കാനാകില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
2023–24ല്‍ 42 ആഡംബര കപ്പലുകള്‍ക്കാണ് കൊച്ചി ആതിഥ്യമരുളിയത്. ഇതില്‍ 25 എണ്ണം വിദേശ കപ്പലുകളും 17 എണ്ണം ആഭ്യന്തര സര്‍വീസുകളുമായിരുന്നു. വിദേശത്തുനിന്ന് 21,000ത്തോളം സഞ്ചാരികളും ആഭ്യന്തര കപ്പലുകളില്‍ 32,072 പേരും കൊച്ചിയിലെത്തി. സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനത്തിലധികം വളര്‍ച്ച നേടിയതിനാല്‍ ഈ വര്‍ഷം കൂടുതല്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷിക്കുമ്പോഴാണ് ചെങ്കടല്‍ പ്രതിസന്ധി രൂപപ്പെട്ടത്.
ആഡംബര കപ്പലുകള്‍ യാത്ര റദ്ദാക്കുമ്പോള്‍ കൊച്ചിക്ക് മാത്രമല്ല, ആലപ്പുഴ, മൂന്നാര്‍, തേക്കടി തുടങ്ങിയ സമീപ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും തിരിച്ചടിയാണ്. കപ്പലുകള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഫീസായി തുറമുഖത്തിന് ലഭിക്കേണ്ട കോടികളുടെ വരുമാനവും നഷ്ടമാകും.
ഈ വര്‍ഷമെത്തും,
സെലിബ്രിറ്റി മില്ലേനിയം
ചെങ്കടല്‍ പ്രതിസന്ധിക്കിടയിലും ആഡംബര കപ്പല്‍ വിനോദസഞ്ചാരത്തിന് പ്രതീക്ഷയേകുന്നത് റോയല്‍ കരിബിയന്‍ ഗ്രൂപ്പിന്റെ സെലിബ്രിറ്റി മില്ലേനിയം കപ്പലിന്റെ വരവാണ്. ഈ സാമ്പത്തികവര്‍ഷം വരാനിരിക്കുന്ന 11 വിദേശ കപ്പലുകളില്‍ വലിപ്പവും സൗകര്യങ്ങളുംകൊണ്ടാണ് ഈ കപ്പൽ ശ്രദ്ധേയമാകുന്നത്.
11 നിലകളുള്ള കപ്പലിന് 965 അടി നീളവും 106 അടി വീതിയുമുണ്ട്. 2138 യാത്രക്കാരെയും 920 ജീവനക്കാരെയും വഹിക്കാന്‍ ശേഷിയുണ്ട്. ഡിസംബര്‍ രണ്ടിനാകും കപ്പൽ കൊച്ചിയിലെത്തുക. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ പതാകവഹിക്കുന്ന കപ്പല്‍ വീണ്ടും 10നും 15നും കൊച്ചിയിലെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..