22 December Sunday

സിഎസ്‌ബി ബാങ്ക്‌ ഓഹരികൾ വിറ്റ്‌ 
കോടികൾ കൊയ്‌ത്‌ കുത്തക കമ്പനി ; ജീവനക്കാർ ദുരിതത്തിൽ

കെ പ്രഭാത്‌Updated: Friday Jul 19, 2024


കൊച്ചി
കാത്തലിക്‌ സിറിയൻ ബാങ്കിന്റെ ഓഹരികൾ വിറ്റഴിച്ച്‌ ക്യാനഡ ആസ്ഥാനമായ ഫെയർ ഫാക്‌സ്‌ എന്ന കുത്തക കമ്പനി ശതകോടികൾ കൊയ്യുന്നു. സിഎസ്‌ബി ബാങ്കിന്റെ ജനകീയ ബാങ്കിങ്‌ നയം ഇല്ലാതാക്കി ലാഭമുണ്ടാക്കുന്നതിനുപുറമെയാണ്‌ നേരത്തേ ചെറിയ വിലയ്‌ക്ക്‌ വാങ്ങിക്കൂട്ടിയ ബാങ്കിന്റെ 51 ശതമാനം ഓഹരികളിൽനിന്ന്‌ 9.72 ഓഹരി വിറ്റ്‌ കോടികൾ ലാഭമുണ്ടാക്കിയത്‌. ജീവനക്കാരുടെ ശമ്പളക്കരാർപോലും നടപ്പാക്കാൻ ബാങ്ക്‌ മാനേജ്‌മെന്റ്‌ തയ്യാറായിട്ടുമില്ല.

2018ൽ 140 രൂപയ്‌ക്ക്‌ വാങ്ങിയ ഓഹരി കഴിഞ്ഞ ജൂൺ 28ന്‌ 352.75 രൂപയ്‌ക്കാണ്‌ അമൻസ ഹോൾഡിങ്‌സ്, അബുദാബി ഇൻവെസ്റ്റ്‌മെന്റ്‌ അതോറിറ്റി, അബുദാബി സോവറിൻ വെൽത്ത് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ തുടങ്ങിയ കമ്പനികൾക്ക്‌ വിറ്റത്‌. 592.62 കോടിയുടെ കച്ചവടത്തിൽ 340 കോടിയാണ്‌  ഫെയർഫാക്‌സിന്റെ ലാഭം.  
ബാങ്കിന്റെ ഓഹരി ഫെയർഫാക്‌സിന്‌ കൈമാറാൻ റിസർവ് ബാങ്കും കേന്ദ്രസർക്കാരുമാണ്‌ അനുമതി നൽകിയത്. വിദേശകമ്പനിക്ക് ഭൂരിപക്ഷം ഓഹരികളും കൈമാറിയതോടെ ബാങ്കിന്റെ വായ്പനയത്തിലും ഇടപാടുകാരോടും സ്ഥിരം ജീവനക്കാരോടുമുള്ള സമീപനത്തിലും മൗലികമാറ്റം വന്നു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി ശാഖകൾ അടച്ചുപൂട്ടി. 82 ഓഫീസർമാരെ പുറത്താക്കാൻ ഉത്തരവിറക്കി. ഓഫീസർമാരുടെ വിരമിക്കൽ പ്രായം 58 ആക്കി. കൂടാതെ ജീവനക്കാർക്കുനേരെ അച്ചടക്കഭീഷണിയുയർത്തി.

ഇൻഡസ്ട്രി ലെവൽ സെറ്റിൽമെന്റും അവസാന രണ്ടു ശമ്പളക്കരാറും നടപ്പാക്കാത്ത രാജ്യത്തെ ഏക ബാങ്കാണ് സിഎസ്‌ബി. താൽക്കാലിക ജീവനക്കാരുടെ കൂലി വെട്ടിക്കുറച്ചു. കുറഞ്ഞ വേതനവും അമിത ജോലിഭാരവുംമൂലം ജീവനക്കാർ കൊഴിഞ്ഞുപോകുകയാണ്‌.

ജനകീയ വായ്പപദ്ധതികളെല്ലാം ബാങ്ക്‌ നിർത്തലാക്കി. അക്കൗണ്ട് തുടങ്ങാൻ 10,000 രൂപ നിക്ഷേപിക്കണം. കാർഷിക, വിദ്യാഭ്യാസ, വാഹന, ഭവന വായ്പകൾ നൽകാതായി. സ്വർണപ്പണയ വായ്പമാത്രമേ നൽകൂവെന്നാണ്‌ സ്ഥിതി. ഉയർന്ന പലിശനിരക്കിനൊപ്പം ഒരു ശതമാനം പ്രോസസിങ് ഫീയും പ്രീക്ലോഷർ ചാർജും ഈടാക്കിയാണ്‌ വായ്‌പ നൽകുന്നത്‌. തിരിച്ചടവ് വൈകിയാൽ ഉടൻ സ്വർണം ലേലം ചെയ്യുകയും ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top