27 December Friday

കുസാറ്റിൽ ആഘോഷം കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന്‌ ഒരാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കളമശേരി> കുസാറ്റിലെ ആഘോഷം കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഒരുവയസ്സ്‌. സംസ്ഥാനത്ത് ഒരു സർവകലാശാല ക്യാമ്പസിൽ ആൾത്തിരക്കിൽ നാലുപേർ മരിച്ച സംഭവം ആദ്യത്തേതാണ്. അപകടത്തിൽപ്പെട്ടത് കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് ടെക്ഫെസ്റ്റിന്റെ രണ്ടാംദിവസം ബോളിവുഡ് ഗായികയുടെ സംഗീതനിശ കാണാനെത്തിയവർ. റോഡിൽനിന്ന് ഏറെ താഴ്ചയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന പരിപാടിക്ക്‌ സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് ആയിരങ്ങളാണ് എത്തിയത്. വളന്റിയർമാർ ഹാളിലേക്ക് പ്രവേശിപ്പിക്കാതെ ജനക്കൂട്ടത്തെ ഗേറ്റിൽ തടഞ്ഞു.

ഏഴോടെ കനത്തമഴ പെയ്യുമെന്ന സ്ഥിതിയായിരുന്നു. സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിച്ചതോടെ പുറത്തുനിന്നവർ ഗേറ്റ് തള്ളിത്തുറന്ന് ഹാളിലേക്കൊഴുകിയിറങ്ങി. പടികളിൽനിന്നവരാണ് ആദ്യം തെറിച്ചുവീണത്. പുറകെ ഇറങ്ങിയവരെല്ലാം വീണുകിടന്നവരെ ചവിട്ടി അവരുടെ മുകളിലേക്ക് വീണു. ശ്വാസംകിട്ടാതെ നാലുപേർ തൽക്ഷണം മരിച്ചു. 70 പേർക്ക് പരിക്കേറ്റു. വിദ്യാർഥികളായ പറവൂർ സ്വദേശി ആൻ റിഫ്ത്ത, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, താമരശേരി സ്വദേശി സാറ തോമസ്, മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ്‌ എന്നിവരാണ്‌ മരിച്ചത്. ആഘാതത്തിൽനിന്ന് ക്യാമ്പസ് മുക്തമായെങ്കിലും  ഓഡിറ്റോറിയവും മുന്നിലെ റോഡും ഇപ്പോഴും അടച്ചിട്ട നിലയിലാണ്.

വിവിധ തലങ്ങളിൽ അന്വേഷണം; മാർഗരേഖ പുറത്തിറക്കി

അപകടത്തെക്കുറിച്ച്‌ ഉന്നതവിദ്യാഭ്യാസവകുപ്പും സർവകലാശാലയും മുൻകൈയെടുത്ത് വിശദ അന്വേഷണത്തിന്‌ ഉത്തരവിട്ടു. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള സമിതി, ദുരന്തനിവാരണ അതോറിറ്റി, മൂന്നംഗ കുസാറ്റ് സിൻഡിക്കേറ്റ് സമിതി കെ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ, സബ് കലക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം, തൃക്കാക്കര അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം എന്നിങ്ങനെ അഞ്ച് സമിതികൾ അന്വേഷിച്ചു.

സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പരിപാടി നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിപാടിയെക്കുറിച്ച്‌ അധികൃതരിൽനിന്ന് മറച്ചുവച്ചതായും നിയമവിരുദ്ധമായി വിദ്യാർഥികളിൽനിന്ന് പണപ്പിരിവ് നടത്തിയതായും കണ്ടെത്തി. നടത്തിപ്പുചുമതലക്കാരായ വിദ്യാർഥി നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് വന്നതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അതിൽ ഇനിയും തീർപ്പാകാത്തതിനാൽ അന്വേഷണസമിതികളുടെ തീരുമാനം നടപ്പാക്കുന്നതിന് തടസ്സമായി. കോളേജുകളിലെ കലാപരിപാടികളുടെ നടത്തിപ്പിന് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങളിറക്കി. ഓഡിറ്റോറിയത്തിലേക്കുള്ള കവാടം മാറ്റിപ്പണിയാൻ സർവകലാശാല തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top