22 December Sunday

പഠനവും ഗവേഷണവും 
ഇനി കൂടുതൽ മികവോടെ ; ഇൻസ്‌ട്രുമെന്റേഷൻ ഫെസിലിറ്റി സജ്ജം

സ്വന്തം ലേഖികUpdated: Saturday Sep 7, 2024

കുസാറ്റ്‌ സ്കൂൾ ഓഫ്‌ മറൈൻ സയൻസ്‌ ലേക്ക്‌സൈഡ്‌ ക്യാമ്പസിൽ 
ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയുടെ ഉദ്‌ഘാടനശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉപകരണങ്ങൾ കാണുന്നു



കൊച്ചി
ഉന്നതവിദ്യാഭ്യാസമേഖലയിൽ കുസാറ്റിന്റെ കുതിപ്പിന്‌ വേഗമേറ്റി 29 അത്യാധുനിക ഉപകരണങ്ങൾ സജ്ജം. സ്കൂൾ ഓഫ്‌ മറൈൻ സയൻസ്‌ ലേക്ക്‌സൈഡ്‌ ക്യാമ്പസിലാണ്‌ കിഫ്‌ബി ഫണ്ടിൽനിന്ന്‌ 35.57 കോടി രൂപ ചെലവിട്ട്‌ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി ഒരുക്കിയിട്ടുള്ളത്‌. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ തിരച്ചിലിനായി ഉപയോഗിച്ചതിന്‌ സമാനമായ ഗ്രൗണ്ട്‌ പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മണ്ണിനടിയിലുള്ള പാറകൾ, ലോഹസാന്നിധ്യം തുടങ്ങിയവയെല്ലാം ഇതുപയോഗിച്ച്‌ തിരിച്ചറിയാം.

ഐസോടോപ്പുകളെ തിരിച്ചറിയുന്നതിനുള്ള ലേസർ അബ്ലേഷൻ ഇൻഡക്‌ടീവ്‌ലി കപ്പിൾഡ്‌ പ്ലാസ്‌മ മാസ്‌ സ്‌പെക്‌ട്രോമീറ്റർ (എൽഎ–-ഐസിപി–-എംഎസ്‌) ഇന്ത്യയിലെ ക്യാമ്പസുകളിൽ കുസാറ്റിൽ മാത്രമാണുള്ളതെന്ന്‌ അധ്യാപകർ പറഞ്ഞു. കൂടാതെ, നെക്‌സ്റ്റ്‌ ജനറേഷൻ സീക്വൻസിങ് പ്ലാറ്റ്‌ഫോം, ഡിഎൻഎ സീക്വൻസർ, കോൺഫോക്കൽ ലേസർ സ്‌കാനിങ് മൈക്രോസ്‌കോപ്‌, ഫ്‌ളോ സൈറ്റോമീറ്റർ വിത്ത്‌ ഹൈസ്‌പീഡ്‌ സെൽ സോർട്ടർ, ഫ്ലൂയിഡ് ഇൻക്ലൂഷൻ സ്റ്റേജ്, പെട്രോളജിക്കൽ മൈക്രോസ്കോപ്, മൈക്രോവേവ് ഫ്യൂഷൻ ഡൈജസ്റ്റർ, ഗ്യാസ് ക്രോമാറ്റോഗ്രാഫ്-മാസ് സ്‌പെക്‌ട്രോമീറ്റർ, സ്കാനിങ് ഇലക്‌ട്രോൺ മൈക്രോസ്കോപ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്‌.

കുസാറ്റിന്റെ നേട്ടമെന്നതിനൊപ്പം ഉന്നതവിദ്യാഭ്യാസമേഖലയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകുകയാണ്‌ പുതിയ ഉപകരണങ്ങൾ. പഠനത്തിനും ഗവേഷണങ്ങൾക്കുമായി ക്യാമ്പസിന്‌ പുറത്തുനിന്നുള്ളവർക്കും സൗകര്യങ്ങൾ ഉപയോഗിക്കാമെന്ന്‌ കുസാറ്റ്‌ കിഫ്‌ബി ഫണ്ട്‌ കോ–-ഓർഡിനേറ്റർ ടി പി സജീവൻ പറഞ്ഞു. കിഫ്‌ബി ധനസഹായത്തോടെ സർവകലാശാലകളെ അന്താരാഷ്‌ട്ര മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഭാഗമായി കുസാറ്റിന്‌ 240.97 കോടി രൂപയാണ്‌ സർക്കാർ വകയിരുത്തിയിട്ടുള്ളത്‌.

ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയും എംഎസ്‌സി മറൈൻ ജീനോമിക്സ് പ്രോഗ്രാമും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കുസാറ്റ് വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ, മറൈൻ സയൻസസ് ഡീൻ ഡോ. എസ് ബിജോയ് നന്ദൻ, സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ. എ എ മുഹമ്മദ് ഹത്ത, ഡോ. ശിവാനന്ദൻ ആചാരി, ഡോ. ടി പി സജീവൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top