08 September Sunday

അർജുന്റെ കുടുംബത്തിനു നേരെയുള്ള സൈബർ ആക്രമണം അപലപനീയം; കർശന നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മ​ദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

കോഴിക്കോട് > ഉത്തര കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനു നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് നടക്കുന്നതെന്നും കുടുംബം നൽകിയ പരാതിയിൽ  ശക്തമായ നിയമ നടപടി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തി അർജുന്റെ കുടുംബാം​ഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അർജുൻ്റെ  കുടുംബാംഗങ്ങളുമായി സംസാരിച്ചു. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ  പുരോഗമിക്കുകയാണ്. എല്ലാ നിലയിലുമുള്ള ഏകോപനങ്ങളും ശ്രമവുമാണ് നടന്നുവരുന്നത്. ഓരോ സമയത്തും കിട്ടിക്കൊണ്ടിരിക്കുന്ന വിവരവും ആ നിലയിൽതന്നെ ഉള്ളതാണ്. കാര്യങ്ങൾക്ക് പ്ലാൻ തയാറാക്കി അതിനനുസരിച്ച് ഇടപെട്ട് വരുന്നു. ആർമിയും നേവിയും എല്ലാം ആ നിലയിലുണ്ട്. ലക്ഷ്യത്തിലേക്ക് കാര്യങ്ങളെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഒരു തരത്തിലും അം​ഗീകരിക്കാൻ പറ്റില്ല. ആക്രമണത്തെ ​ഗൗരവമായി തന്നെയാണ് കാണുന്നത്. മനുഷ്യപ്പറ്റില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർക്കശമായ നിലപാട് സ്വീകരിക്കും. കുടുംബത്തോട് സംസാരിച്ചപ്പോൾ അവരും വിഷമം പറഞ്ഞു.

ഇങ്ങനെയും മനുഷ്യരുണ്ട് എന്നുള്ളതാണ് വിഷമം. മാനസികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് നേരെ ഈ നിലയിലേക്ക് ഉള്ള ചെയ്തിക്ക് തയാറാകുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ആ നിലയ്ക്ക് ​ഗൗരവമായി തന്നെ വിഷയത്തെ കാണുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top