തിരുവനന്തപുരം > ഓൺലൈൻ വ്യാപാരത്തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലൂടെ രാജ്യത്തിന് പുറത്തെത്തിക്കുന്നത് തടയാൻ സോഫ്‌റ്റ്‌വെയർ ആയുധമൊരുക്കി പൊലീസ്. ക്രിപ്റ്റോ കറൻസി വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സോഫ്‌റ്റ്‌വെയർ സഹായത്തോടെ പ്രതിരോധമൊരുക്കുന്നത്. ഇതിനായി പൊലീസുദ്യോഗസ്ഥർക്കുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടർച്ചയായി ക്രിപ്റ്റോ കറൻസി അന്വേഷണ സെൽ രൂപീകരിക്കാനും ആലോചനയുണ്ട്.
ഓൺലൈൻ തട്ടിപ്പുകാർ പണം രാജ്യത്തിന് പുറത്തേയ്‌ക്ക് എത്തിക്കാൻ ക്രിപ്‌റ്റോ കറൻസിയെയാണ് ആശ്രയിക്കുന്നത്. കീ നമ്പർ മാത്രം ഉപയോഗിച്ചുള്ള ഇടപാടായതിനാൽ തട്ടിപ്പുകാരിലേക്ക് എത്താനാകുന്നില്ല. ബാങ്കുകൾക്ക് പോലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തിൽ തട്ടിപ്പുകാരെ പൂട്ടാനാണ് പുതിയ ചെയിൻ അനാലിസിസ് സോഫ്‌റ്റ്‌വെയർ എന്ന ആശയത്തിലേക്ക് പൊലീസ് കടന്നത്.
ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ വൻകിട ലഹരിസംഘങ്ങളും ആശ്രയിക്കുന്നത് ക്രിപ്റ്റോ കറൻസിയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ക്രിപ്റ്റോ വഴി കൈമാറുന്ന തുക ബാങ്കുകളിൽ നിന്ന് പണമാക്കി മാറ്റിയാൽ പോലും അയച്ചത് ആരെന്ന് കണ്ടെത്തുക പ്രയാസമായിരിക്കും.
ക്രിപ്റ്റോയിലേക്ക് മാറ്റിയ തുക ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോകുന്നുവെന്ന് കണ്ടെത്താനുമാകില്ല. ക്രിപ്റ്റോ കറൻസി വിലാസവും ഇതിന് പിന്നിലെ വ്യക്തിയെയും ബന്ധിപ്പിക്കുന്ന രേഖകളൊന്നുമില്ല എന്നതാണ് അന്വേഷണ സംഘങ്ങളെ കുഴക്കുന്നത്. ക്രിപ്റ്റോ കറൻസി വഴിയുള്ള ഇടപാടുകൾ നിരീക്ഷിക്കാനുള്ള സോഫ്‌റ്റ്‌വെയർ പരിശീലനം വൈകാതെ പൂർത്തിയാക്കും. തുടർന്ന് ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കുന്നതിലേക്ക് കടക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതുവഴി ഓൺലൈൻ തട്ടിപ്പുവഴി വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..