തിരുവനന്തപുരം > ഓൺലൈനിലൂടെ ഓഹരി ഇടപാട് നടത്തി വൻതുക ലാഭവിഹിതമായി നേടാമെന്ന് വിശ്വസിപ്പിച്ച് വനിതാ ഡോക്ടറിൽനിന്നും 87.23 ലക്ഷം തട്ടിയെടുത്തു. ഉള്ളൂർ സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നാണ് കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചു തവണയായി തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലും വിദേശത്തുനിന്നും സംഘം പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പതിവായി ഓൺലൈൻ ട്രേഡിങ് നടത്തുന്ന ഡോക്ടർക്ക് ഒരുമാസം മുമ്പ് വാട്‌സാപ്പിലാണ് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള സന്ദേശമെത്തിയത്. ഇതിനായി ‘സെറോദ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സാപ്പ് വഴിയാണ് വിവരങ്ങൾ കൈമാറിയത്. തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞമാസം 25, 26 തീയതികളിലായി 4.50 ലക്ഷം രൂപ നൽകി. പിന്നാലെ ലാഭവിഹിതമായി ഒരുലക്ഷം രൂപ അക്കൗണ്ടിലും എത്തി. വിശ്വാസം നേടിയെടുത്തശേഷം സംഘം കൂടുതൽ തുക തട്ടിയെടുക്കുകയായിരുന്നു. 29നും ഈ മാസം ഒന്നിനുമായി 9 ലക്ഷം, ഈമാസം എട്ടിന് 10 ലക്ഷം, 17,18, 19 തീയതികളിൽ 63.73 ലക്ഷം എന്നിങ്ങനെയുമാണ് അക്കൗണ്ടിലേക്ക് അയച്ചത്.
ഓരോവട്ടം ഓരോ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. വ്യാജ ആപ്പിന്റെ വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഇക്കാര്യം പറഞ്ഞ് സന്ദേശമയച്ചപ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലേ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി. ലാഭവിഹിതത്തിൽനിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും നടന്നില്ല. പിന്നാലെ സൈബർ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..