21 December Saturday

തമിഴ്‌നാട്‌ എസ്‌ഐയാടാ പറയുന്നേ, ആ കാശ്‌ തിരിച്ചിട്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Sep 12, 2024


കൊച്ചി
‘തമിഴ്‌നാട്‌ എസ്ഐയാടാ പറയുന്നത്‌. ആ കാശ്‌ തിരിച്ചിട്‌’. ഗൂഗിൾ പേ വഴി തെറ്റി അക്കൗണ്ടിൽ വന്ന കാശിട്ടില്ലെങ്കിൽ ഉടനടി നടപടിയെന്ന്‌ തമിഴ്‌നാട്‌ എസ്‌ഐയുടെ ഭീഷണി. എറണാകുളം സ്വദേശിയുടെ അക്കൗണ്ടിലേക്ക്‌ 3000 രൂപ വന്നുവെന്ന്‌ പറഞ്ഞ്‌ ആരംഭിച്ച സംഭാഷണം എത്തിയത്‌ ഭീഷണിയിൽ. പണം തെറ്റി അയച്ചതാണെന്നും അത്‌ തിരിച്ചിടാമോ എന്നും ആദ്യം ഹിന്ദിയിൽ അപേക്ഷ. 3000 രൂപ അയച്ചതിന്റെ സ്‌ക്രീൻഷോട്ടും വാട്‌സാപ്പിൽ നൽകി.

സൈബർ തട്ടിപ്പുകളെക്കുറിച്ച്‌ കേട്ടിട്ടുള്ളതിനാൽ എറണാകുളം സ്വദേശി കാര്യമാക്കിയില്ല. തുടർച്ചായ ഫോൺ വിളികൾ വന്നു. ഒടുവിൽ ഇംഗ്ലീഷിലായി സംസാരം. തമിഴ്‌നാട്ടിലെ എസ്‌ഐയാണെന്നും ഇപ്പോൾ വാട്‌സാപ്പിൽ വന്ന ലിങ്കിൽ കയറി ആപ്പ്‌ ഇൻസ്‌റ്റാൾ ചെയ്‌ത്‌ അതിൽ പണം തിരിച്ചടയ്‌ക്കണമെന്നും അന്ത്യശാസനം. അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും ഭീഷണി മുഴക്കി. അടയ്‌ക്കാൻ സൗകര്യമില്ലെന്ന്‌ തീർത്ത്‌ പറഞ്ഞതോടെ കോൾ കട്ടായി. ഓൺലൈൻ പേമെന്റ്‌ ആപ് വഴി അക്കൗണ്ടിലേക്ക്‌ വരുന്ന തുകയുടെ പേരിൽ തട്ടിപ്പ്‌ നടത്തുന്ന സംഘം സജീവമാണെന്നതിന്‌ തെളിവാണ്‌ ഈ സംഭവം.

ബാങ്കിൽ വിളിച്ച്‌ 
സ്ഥിരീകരിക്കാം
അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെങ്കിൽ അക്കാര്യം ബാങ്കിൽ വിളിച്ച്‌ സ്ഥിരീകരിക്കാം. പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട്‌ വിശ്വസിക്കരുത്‌. മിക്കവാറും ഇത്‌ വ്യാജമായി നിർമിച്ചതായിരിക്കും. ബാങ്കിന്റെ അംഗീകൃത മൊബൈൽ ആപ്പിൽ നോക്കിയും പണം വന്നിട്ടുണ്ടോയെന്ന്‌ ഉറപ്പിക്കാം. സംശയം തോന്നിയാൽ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലിന്റെ ടോൾ ഫ്രീ നമ്പറായ 1930ലോ വിളിച്ച്‌ തിരക്കാം. പണം തിരിച്ചടയ്‌ക്കാൻ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക്‌ ചെയ്യുകയോ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുകയോ അരുത്‌.

പണം അയച്ചും തട്ടിപ്പ്‌
യഥാർഥമായി പണം അക്കൗണ്ടിലിട്ടും തട്ടിപ്പ്‌ നടത്താറുണ്ട്‌. പണത്തിന്റെ ഉടമയാണെന്ന്‌ പറയുന്നയാൾ തിരികെ അയക്കാനുള്ള അക്കൗണ്ട്‌ നമ്പർ നൽകും. ഇതിൽ പണമടച്ചാലും കുടുങ്ങും. പിന്നാലെ അടുത്ത വിളിയെത്തും. തന്റെ കൈയ്യിൽനിന്ന്‌ തട്ടിയെടുത്ത പണമാണ്‌ നിങ്ങളുടെ അക്കൗണ്ടിൽ വന്നതെന്നായിരിക്കും അടുത്ത കഥ. പണം നൽകിയില്ലെങ്കിൽ കേസാകുമെന്നും ഭീഷണി. വലിയ തുക നഷ്ടപരിഹാരം ചോദിക്കും. പലരും കേസ്‌ ഒഴിവാക്കാൻ പണം നൽകി തടിതപ്പും. നിങ്ങളുടെ അക്കൗണ്ടിൽ ഇത്തരത്തിൽ പണം വന്നാൽ ഒരിക്കലും വിളിക്കുന്നയാൾക്ക്‌ നേരിട്ട്‌ അയക്കരുത്‌. ബാങ്കിൽ അപേക്ഷ നൽകി പണം അയച്ച അക്കൗണ്ടിക്ക്‌ തിരികെ ഇടാൻ അപേക്ഷ നൽകുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top