തിരുവനന്തപുരം
വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുസംഘം. സമൂഹമാധ്യമങ്ങളിൽ പാർട്ട് ടൈം, ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികളടക്കമുള്ളവരാണ് തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത്.സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമീഷൻ എടുത്തശേഷം ബാക്കി തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചുനൽകുക എന്നതാണ് ജോലി. ഉയർന്ന കമീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.
മ്യൂൾ അക്കൗണ്ടാ (വാടക)യി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.
ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ കുട്ടികൾ വീഴാതിരിക്കാൻ രക്ഷിതാക്കളും യുവതലമുറയും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ 1930ൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..