15 November Friday

വീഴ്‌ത്താൻ പലവഴി 
, തടയാനെന്ത്‌ ?

സി പ്രജോഷ്‌കുമാർUpdated: Friday Sep 20, 2024


വ്യാജ അശ്ലീല വീഡിയോകൾ വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സെക്‌സ്‌റ്റോർഷൻ രീതിയും സജീവമാണ്‌. വാട്‌സാപ്‌, മെസഞ്ചർ ചാറ്റ്‌ വഴി സന്ദേശം അയച്ചാണ്‌ ഇരകളെ വീഴ്‌ത്തുക. ഡേറ്റിങ് ആപ്പുകളിലും ഇത്തരം വേട്ടയുണ്ട്‌. വ്യക്തിവിവരങ്ങൾ ശേഖരിച്ചശേഷം വ്യാജ ഫോട്ടോ ഉപയോഗിച്ച്‌ ആകർഷിക്കും. പിന്നീട്‌ വീഡിയോ ചാറ്റിന്‌ ക്ഷണിക്കും. ഇത്‌ റെക്കോഡ്‌ ചെയ്‌താണ്‌ വ്യാജ വീഡിയോ നിർമിക്കുക.

ജ്യൂസ്‌ ജാക്കിങ്ങും ഫിഷിങ്ങും
ചാർജിങ്ങിനായി റെയിൽവെ സ്‌റ്റേഷൻ പോലുള്ള പൊതു ഇടങ്ങളിൽ സ്‌മാർട്ട്‌ ഫോണും ടാബ്‌ലെറ്റുകളും കുത്തിയിടുമ്പോൾ ശ്രദ്ധിക്കുക. ഇത്തരം പോയിന്റുകളിൽ ഫോണിലെ ഡാറ്റ ജ്യൂസ്‌ ജാക്കിങ്ങ്‌ വഴി ചോർത്തപ്പെടാം. അപകടകരമായ ലിങ്കുകളിലേക്ക്‌ ക്ഷണിച്ചുള്ള തട്ടിപ്പാണ്‌ ഫിഷിങ്. ബാങ്ക്‌ അക്കൗണ്ടുകൾ, ഷെയർ മാർക്കറ്റ്‌ അക്കൗണ്ടുകൾ എന്നിവ ഇത്തരത്തിൽ ഹാക്ക്‌ ചെയ്യപ്പെടാം.

സേവനത്തിന്റെ 
ചതിക്കുഴി
ഉപഭോക്‌തൃ സേവനങ്ങൾക്കായി ഗൂഗിളിൽ തിരയുന്നവരെ വ്യാജ സപ്പോർട്ട്‌ ടീമുകൾ രൂപീകരിച്ച്‌ വഞ്ചിക്കും. ഗൂഗിൾ പരസ്യം, ജനപ്രിയ ബ്ലോഗുകൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെയാണ്‌ ഇരകളെ വീഴ്‌ത്തുക. ബാങ്കുകളുടെയോ മറ്റ്‌ സ്ഥാപനങ്ങളുടെയോ സാങ്കേതിക സഹായം നൽകുന്ന ടീം എന്ന വ്യാജേനയും തട്ടിപ്പ്‌ നടക്കുന്നുണ്ട്‌.

ഈ വർഷം തട്ടിയത്‌ 514 കോടി
ഈ വർഷം ആഗസ്‌തുവരെ കേരളത്തിൽനിന്ന് സൈബർ തട്ടിപ്പ്‌ സംഘങ്ങൾ തട്ടിയെടുത്തത്‌ 514 കോടി രൂപ. സൈബർ തട്ടിപ്പിനെതിരെ രാജ്യത്ത്‌ ശക്തമായ നടപടി സ്വീകരിക്കുന്ന സംസ്ഥാനമാണ്‌ കേരളം. കഴിഞ്ഞവർഷം ലഭിച്ചത്‌ 23,748 പരാതി. ഈ വർഷം ഇതിനകം 27,723 പരാതികളായി. നഷ്ടപ്പെട്ട തുകയിൽ കഴിഞ്ഞവർഷം 37 കോടിയും ഈ വർഷം 70 കോടിയും പൊലീസ്‌ വീണ്ടെടുത്തു.

തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 11,999 സിംകാർഡുകളും 17,734 വെബ്സൈറ്റുകളും സൈബർ ഡിവിഷനുകീഴിലുള്ള സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽമീഡിയ വിങ് പ്രവർത്തനരഹിതമാക്കി. തട്ടിപ്പിന്‌ ഉപയോഗിച്ച 8369 സാമൂഹമാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും ബ്ലോക്ക്‌ ചെയ്‌തു.

എന്തുചെയ്യാം?
● സൈബർ തട്ടിപ്പുകൾ തടയാൻ റിസർവ്‌ ബാങ്കിനും ബാങ്കുകൾക്കും നിയന്ത്രണങ്ങൾ കൊണ്ടുവരാം.
● പണം നൽകിയാണ്‌ ഫെയ്‌സ്‌ബുക്കിലും ഗൂഗിളിലുമൊക്കെ തട്ടിപ്പുസംഘങ്ങൾ പരസ്യം ചെയ്യുന്നത്‌. ബാനിങ് ഓഫ്‌ അൺ റെഗുലേറ്റഡ്‌ ഡെപ്പോസിറ്റ്‌ സ്‌കീംസ്‌ പ്രകാരം കേന്ദ്ര സർക്കാരിന്‌ ഇത്തരം പരസ്യങ്ങൾ തടയാം
● ബാങ്ക് അക്കൗണ്ടിന്റെ കുറഞ്ഞ ക്രെഡിബിലിറ്റി സ്‌കോറുള്ള അക്കൗണ്ടിൽ വലിയ ഇടപാടു നടക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം അയച്ചാൽ തട്ടിപ്പ്‌ തടയാം
● ഒരു അക്കൗണ്ടിൽനിന്ന് ഡിജിറ്റൽ ഇടപാടുകൾ നടത്താനാകുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ എണ്ണം നിയന്ത്രിക്കാം. ഡിജിറ്റൽ പണമിടപാടിന്‌ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും വൈറ്റ് ലിസ്റ്റ്‌ ചെയ്യണം.
● വിദേശ ഐപി വിലാസത്തിൽ പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ കറന്റ്‌ അക്കൗണ്ട് തിരിച്ചറിയാൻ ബാങ്ക് സെർവറുകൾക്ക് സാങ്കേതികവിദ്യ സജ്ജമാക്കണം.

( അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top