കൊച്ചി
കൊച്ചിയിലെ ലഹരിവേട്ടയ്‌ക്ക് ഇനിമുതൽ നഗരത്തിൽ യോദ്ധാവില്ല, പകരം ഡാൻസാഫ് വൺ, ടു, ത്രീ, ഫോർ ടീമുകൾ. നിലവിലുണ്ടായിരുന്ന യോദ്ധാവ്, ഡാൻസാഫ് സംഘങ്ങളെ സംയോജിപ്പിച്ചാണ് പുതിയ ടീമുകൾക്ക് രൂപംനൽകിയത്.
എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര, പശ്ചിമകൊച്ചി എന്നീ മേഖലകളായി തിരിച്ചാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. നാലു ടീമുകളിൽ 36 പേരുണ്ട്. ഒരു ടീമിൽ എട്ട് പൊലീസുകാരും എസ്‌ഐയും. ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനിലാണ് ഓഫീസ്. മയക്കുമരുന്ന് പരിശോധിക്കാനുള്ള കിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. വാഹനങ്ങളും ലഭ്യമാക്കി. ടവർ ലൊക്കേഷൻ കണ്ടെത്തൽ, കോൾ വിശദാംശം പരിശോധിക്കൽ തുടങ്ങിയവയ്‌ക്കായി സൈബർ സെല്ലിലെ ഉദ്യോഗസ്ഥനുമുണ്ട്.
സിറ്റി പൊലീസ് കമീഷണർ എസ് ശ്യാംസുന്ദറിന്റെ കീഴിലാണ് ടീമുകൾ പ്രവർത്തിക്കുക. ഡിസിപി കെ എസ് സുദർശനും നാർകോട്ടിക് സെൽ എസിപി കെ എ അബ്ദുൾ സലാമും മേൽനോട്ടം വഹിക്കും.
ഡാൻസാഫ് 2
= യോദ്ധാവ്
മയക്കുമരുന്ന് കടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കും പേടിസ്വപ്‌നമായിരുന്ന യോദ്ധാവ് അംഗങ്ങൾ ഡാൻസാഫ് ടൂവിൽ. കഴിഞ്ഞ ഒന്നരവർഷത്തിനിടെ 252 കേസാണ് യോദ്ധാവുവഴി രജിസ്റ്റർ ചെയ്‌തത്. 233 പേരെ കഴിഞ്ഞ ഒരുവർഷംമാത്രം അറസ്റ്റ് ചെയ്‌തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി പിടിച്ചത് യോദ്ധാവായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..