കൂത്തുപറമ്പ് > കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കോടികളുടെ അഴിമതി ചോദ്യംചെയ്ത കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. ഡിസിസി ജനറൽ സെക്രട്ടറി സത്യൻ നരവൂരിനെയാണ് പ്രാഥമികാംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സസ്‌പെൻഡ് ചെയ്‌തത്. കൂത്തുപറമ്പ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹൈസ്കൂളിൽ നടന്ന നിയമനത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് നടപടി. 2000–-2018 കാലയളവിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സത്യൻ പരാതിപ്പെട്ടത്.
ഇതുസംബന്ധിച്ച് നൽകിയ ഹർജിയിൽ സ്കൂൾ മാനേജരെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അയോഗ്യനാക്കി. ഡിഇഒവിനാണ് നിലവിൽ സ്കൂളിന്റെ മേൽനോട്ടച്ചുമതല. ഇതോടെ സത്യൻ നരവൂർ ഡിസിസിക്കും കെപിസിസിക്കും അനഭിമതനായി. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന നീക്കം നിർത്തണമെന്ന താക്കീത് അവഗണിച്ചുവെന്ന കാരണംപറഞ്ഞാണ് സസ്‌പെൻഷൻ. കെ സുധാകരൻ പ്രസിഡന്റായ കെപിസിസിയിൽനിന്ന് നീതിലഭിക്കില്ലെന്ന ഉറച്ചബോധ്യമുണ്ടെന്ന് സത്യൻ നരവൂർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..