18 October Friday

പത്തനംതിട്ട ഡിസിസി യോഗത്തിൽ സ്‌ത്രീത്വത്തെ അപമാനിച്ചു; വനിതാനേതാവ് 
പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023

പത്തനംതിട്ട > ഡിസിസി യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തതായി പരാതി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പന്തളം ബ്ലോക്ക് പഞ്ചായത്തംഗവുമായ ലാലി ജോണാണ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി ആർ സോജി മെഴുവേലിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകിയത്. 

പല തവണ ഇയാളിൽ നിന്ന് മാനഹാനി ഉണ്ടായതായും ഒരു തവണ തന്നെ ഷേവ് ചെയ്ത് ചുരുട്ടി കൂട്ടി പെട്ടിയിലാക്കി പായ്ക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സ്വന്തം പാർട്ടിക്കാരൻ ആയതു കൊണ്ടും സ്ത്രീയെന്ന നിലയിൽ ഈ കാര്യങ്ങൾ പുറത്തു പറയാനുള്ള ബുദ്ധിമുട്ടു കാരണവുമാണ് അധികാര സ്ഥാനങ്ങളിൽ പരാതിപ്പെടാതിരുന്നത്.
 
15ന്  ഡിസിസി ഓഫീസിൽ നടന്ന യോഗത്തിൽ ഈ വിവരങ്ങൾ പറഞ്ഞപ്പോൾ അഡ്വ. വി ആർ സോജി നിന്നെ കാണിച്ചു തരാമെന്ന് പറഞ്ഞ് സഭ്യമല്ലാത്ത ഭാഷയിൽ ആക്രോശിക്കുകയും അക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തതായി  പരാതിയിൽ പറയുന്നു. ഡിസിസി ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടാകുന്ന മാനഹാനിയിൽ നിന്നും ശാരീരിക ഉപദ്രവത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
 
കോൺഗ്രസ് രാഷ്‌ട്രീയ കാര്യസമിതി അംഗം പി ജെ കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, ജില്ലാ പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കമ്മറ്റിയിലാണ് സംഭവമെന്നും പരാതിയിൽ പരാമർശിക്കുന്നു. ഇതോടെ യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളടക്കം എല്ലാ ഡിസിസി അംഗങ്ങളും കേസിലെ സാക്ഷികളാകും. ഡിസിസി യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പോലും സുരക്ഷിതയല്ലെന്ന വിവരമാണ്‌ സംഭവത്തിലൂടെ പുറത്തുവരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top