27 December Friday
സംസ്‌കാരച്ചെലവും ചികിത്സാചെലവും സർക്കാർ വഹിക്കും

തൃശൂരില്‍ തടി കയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


തൃപ്രയാർ
നാട്ടികയിൽ നിയന്ത്രണം വിട്ട തടിലോറി  പാഞ്ഞുകയറി റോഡരികിൽ ഉറങ്ങിക്കിടന്ന രണ്ടു പിഞ്ചുകുട്ടികൾ  ഉൾപ്പെടെ അഞ്ചു നാടോടികൾ  ചതഞ്ഞരഞ്ഞ്‌ മരിച്ചു.  ആറുപേർക്ക്‌ പരിക്കേറ്റു. പാലക്കാട്  മുതലമട ചെമ്മണംതോട്‌ കോളനിയിലെ കാളിയപ്പൻ (55), ഭാര്യ നാഗമ്മ (40),  മകൻ വിജയിന്റെ ഭാര്യ രാജേശ്വരി (24),  വിജയിന്റെ മകൻ വിശ്വ (1), കാളിയപ്പന്റെ  സഹോദരിയുടെ  മകൻ ജീവ (4) എന്നിവരാണ്  സംഭവസ്ഥലത്ത്‌ മരിച്ചത്.

വിജയ് (20), സഹോദരിമാരായ  ജാൻസി (29), ചിത്ര(26),  ജാൻസിയുടെ  ഭർത്താവ് ദേവേന്ദ്രൻ (31), ചിത്രയുടെ ഭർത്താവ് രമേഷ് (24),  മകൾ ശിവാനിയ (5) എന്നിവർക്കാണ്‌  പരിക്കേറ്റത്‌. ജാൻസിയുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. തൊട്ടടുത്ത്‌ തന്നെ കിടന്നുറങ്ങിയ നാല്‌  പേർ രക്ഷപ്പെട്ടു.

ചൊവ്വാഴ്‌ച പുലർച്ചെ 3.40നാണ്‌   അപകടം. ദേശീയപാത പണി നടക്കുന്നതിനാൽ റോഡ്‌ മറച്ച്‌  ബോർഡ്‌ സ്ഥാപിച്ചതിനപ്പുറത്താണ്‌ 11 പേർ   കിടന്നുറങ്ങിയത്‌. കണ്ണൂരിൽനിന്ന്‌ പെരുമ്പാവൂരിലേക്ക്‌ മരം കയറ്റി വന്ന ലോറി ബോർഡ്‌ തകർത്ത്‌ ഇവരുടെ ശരീരത്തിലേക്ക്‌  പാഞ്ഞുകയറുകയായിരുന്നു.  സ്ലാബുകളിൽ ഇടിച്ച  വണ്ടി പിന്നിലേക്കെടുത്തപ്പോൾ അടിയിൽപ്പെട്ടവർ ഒന്നുകൂടി ചതഞ്ഞരഞ്ഞു.    വീണ്ടും മുന്നോട്ടെടുത്ത്‌  200 മീറ്റർ  അകലെ  പണി തീരാത്ത റോഡിൽ  കുടുങ്ങിയതോടെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നിലവിളികേട്ട്‌ ഓടിയെത്തിയ  നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ലോറി ഡ്രൈവർ ചാമക്കാല ബെന്നി ജോസ് (54), ക്ലീനർ ഏഴിയാക്കുന്നേൽ അലക്സ് ജോണി (38) എന്നിവരാണ്  അറസ്‌റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക്‌ പൊലീസ്‌ കേസെടുത്തു. ക്ലീനറാണ് ലോറി ഓടിച്ചത്. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ റിമാൻഡ്‌ ചെയ്‌തു.

രണ്ടുപേരുടെ മൃതദേഹം  മുളങ്കുന്നത്തുകാവ്‌  മെഡിക്കൽ കോളേജിലും മൂന്നുപേരുടെ മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലും പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക്‌  വിട്ടുനൽകി.  മീങ്കര അണക്കെട്ടിനു സമീപത്തെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ശിവകാശി, വിജയ, അരുൺ  എന്നിവരാണ്‌ കാളിയപ്പന്റെ  മറ്റുമക്കൾ. നിത്യയാണ്‌ ജീവയുടെ സഹോദരി.

സംസ്‌കാരച്ചെലവും ചികിത്സാചെലവും സർക്കാർ വഹിക്കും
അഞ്ച്‌ ആംബുലൻസുകളിലായി  സർക്കാർ ചെലവിലാണ്‌ മൃതദേഹങ്ങൾ പാലക്കാട്‌ മുതലമടയിലെ വീടുകളിലെത്തിച്ചത്‌. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾക്ക്‌ പോകാൻ കെഎസ്‌ആർടിസി ബസും ഏർപ്പാടാക്കി. സംസ്‌കാരച്ചെലവും പരിക്കേറ്റവരുടെ ചികിത്സാചെലവും സർക്കാർ വഹിക്കും.  മന്ത്രി എം ബി രാജേഷ്‌, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ  ആശുപത്രികളിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top