ബത്തേരി
കോഴ ആരോപണത്തെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കോൺഗ്രസ് നേതാവും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ മണിച്ചിറക്കൽ വീട്ടിൽ എൻ എം വിജയൻ (78), മകൻ ജിജേഷ് (38) എന്നിവരാണ് മരിച്ചത്. ബത്തേരിയിൽ കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന സഹകരണ സ്ഥാപനങ്ങളിൽ നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളിൽ ചിലർ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ കോഴ വാങ്ങിയതായി ആരോപണമുണ്ടായിരുന്നു.
കോഴ നൽകിയിട്ടും ജോലി കിട്ടാതായതോടെ ചിലർ പണം തിരിച്ചുകിട്ടാനായി ഡിസിസി ട്രഷററായ എൻ എം വിജയനെയും മറ്റു നേതാക്കളെയും കണ്ട് പരാതി പറഞ്ഞിരുന്നു. ഇതിനിടെയാണ് വിജയനും മകനും ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വ രാത്രി ഒമ്പതിനാണ് എൻ എം വിജയനെയും ജിജേഷിനെയും വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ വീടിനകത്ത് കണ്ടെത്തിയത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളി വൈകിട്ട് അഞ്ചിനാണ് ജിജേഷ് മരിച്ചത്. രാത്രി ഒമ്പതരതോടെ വിജയനും മരിച്ചു. ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഡിസിസി മുൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ സുമയാണ് വിജയന്റെ ഭാര്യ. മറ്റൊരു മകൻ: വിജേഷ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..