19 December Thursday

വീട് നിർമാണത്തിൽ അപാകത; ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു: ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

എറണാകുളം > നടന്‍ ഹരിശ്രീ അശോകന്റെ "പഞ്ചാബിഹൗസ് " എന്ന വീടിന്റെ നിർമാണത്തിൽ അപാകതയുണ്ടായതിനെ തുടർന്ന് നൽകിയ പരാതിയിൽ നടന് നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.

വീടിന്റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തന്നെ ടൈലുകളുടെ നിറംമങ്ങുകയും പൊട്ടിപ്പൊളിയുകയും ചെയ്തു. വീട് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി അശോകൻ എതിർകക്ഷികളെ സമീപിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്.

ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് ഹരിശ്രീ അശോകന്റെ വീട്ടിൽ പതിപ്പിച്ച കരാർ സ്ഥാപനം എന്നിവർ നഷ്ട പരിഹാരം നൽകണം. ഇതിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം മാത്രം 16,58,641 രൂപ നൽകണം. കൂടാതെ, എതിർകക്ഷികൾ എല്ലാവരും കൂടി ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിർദ്ദേശിച്ചു.

ഉൽപ്പന്നം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉൽപ്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളില്ലെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചു. എന്നാൽ, ധാർമികമല്ലാത്ത വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണ് എതിർകക്ഷികള്‍ കാണിച്ചതെന്നു ഡി ബി ബിനു അധ്യക്ഷനായ ബെഞ്ച് അഭിപ്രായപെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top