21 November Thursday

നാടിന്‌ നോവായി നെവിൻ; സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍

സ്വന്തം ലേഖികUpdated: Tuesday Jul 30, 2024

ഡൽഹിയിൽ ഐഎഎസ് പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച വിദ്യാർഥി നെവിൻ ഡാൽവിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മന്ത്രി വി ശിവൻകുട്ടി അന്ത്യോപചാരം അർപ്പിക്കുന്നു. 
ഐ ബി സതീഷ് എം എൽ എ സമീപം. ഫോട്ടോ: ഷിബിൻ ചെറുകര

തിരുവനന്തപുരം> നെവിനായി  പിടാരം ഡേൽ വില്ലയിൽ കാത്തിരിക്കുകയാണ്‌ അച്ഛൻ സുരേഷ്‌ ഡാൽവിൻ. കഴിഞ്ഞ മേയിലാണ്‌ നെവിൻ വീട്ടിൽ വന്നു മടങ്ങിയത്‌. എന്ത്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന്‌ അറിയാത്ത അവസ്ഥയിലായിരുന്നു ഒപ്പമുണ്ടായിരുന്നവർ. മകന്റെ വേർപാട്‌ അറിഞ്ഞ്‌ തളർന്നുവീണ അമ്മ ലാൻസ്‌ലറ്റ്‌ ആശുപത്രിയിലാണ്‌. ഡൽഹിയിൽ സിവിൽ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ മഴവെള്ളവും മലിനജലവും ഇരച്ചുകയറിയുണ്ടായ അപകടത്തിലാണ്‌ നെവിൻ മരിച്ചത്‌.
പഠിത്തം മാത്രമായിരുന്നില്ല, സിനിമയും വരയും ചേട്ടന്‌ ഇഷ്‌ടമായിരുന്നുവെന്ന്‌ ബന്ധുവും അയൽവാസിയുമായ അഖിൽ പറയുന്നു. പുസ്‌തകമില്ലാതെ ചേട്ടനെ കാണാനാകാറില്ലെന്നും അഖിൽ പറയുന്നു.

നെവിന്റെ അപ്രതീക്ഷിത വിയോഗമറിഞ്ഞ്‌ എത്തിയവർക്കെല്ലാം പറയാൻ ഒന്നേ ഉള്ളൂ, മിടുക്കനായിരുന്നു അവൻ. കലാപഠനവും ചരിത്രഗവേഷണവും ലക്ഷ്യമിട്ടാണ് എട്ടുകൊല്ലം മുമ്പ്‌ ഡൽഹിക്ക് പുറപ്പെട്ടത്. ഗവേഷണത്തിനൊപ്പമായിരുന്നു സിവിൽ സർവീസ്‌ പരിശീലനം. നെവിന്റെ സ്വപ്‌നങ്ങളാണ്‌ ഡൽഹിയിൽ രാജേന്ദ്ര നഗറിലെ മഴവെള്ളത്തിൽ മുങ്ങിപ്പോയത്‌. സിനിമകൾ ഇഷ്‌ടമായിരുന്ന നെവിൻ 2017 വരെ ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ (ഐഎംഡിബി) ഫിലിം ക്രിട്ടിക്കായിരുന്നു. മൂന്നുമാസം മുമ്പാണ് അപകടമുണ്ടായ റാവു ഐഎഎസ് അക്കാദമിയിൽ ചേർന്നത്.

മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി പിതാവിനെ ആശ്വസിപ്പിച്ചു. ഐ ബി സതീഷ്‌ എംഎൽഎയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  വിഷയത്തിൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന്‌ മന്ത്രി പറഞ്ഞു. രാത്രി എട്ടരയ്‌ക്ക്‌ ഡൽഹിയിൽനിന്ന് പുറപ്പെട്ട  ഇൻഡിഗോ വിമാനത്തിൽ 11.45ന്‌ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സ്വകാര്യ ആശുപത്രി  മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വ പകൽ 12.30ന്‌ വീട്ടുവളപ്പിൽ സംസ്‌കരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top