27 December Friday
അകം ബാൻഡിന്റെ മ്യൂസിക്‌ മെഗാ ഇവന്റ്‌

നിലപാടിന്റെ 80 വർഷം ; വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും, എം ടി വാസുദേവൻ നായർ മുഖ്യാതിഥി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2022

കോഴിക്കോട്‌  

വാർത്തയുടെ മനുഷ്യപക്ഷം ചേർന്നുള്ള ദേശാഭിമാനിയുടെ യാത്രയ്‌ക്ക്‌ ഇന്ന്‌  എൺപതാം പിറന്നാൾ. 1942ൽ വാരികയായി പ്രവർത്തനം തുടങ്ങിയ കോഴിക്കോടിന്റെ മണ്ണിലാണ്‌ ഒരുവർഷം നീളുന്ന വാർഷികാഘോഷത്തിന്റെ വിളംബരം കുറിക്കുന്നത്‌.  സരോവരം കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററിൽ ചൊവ്വാഴ്‌ച  പകൽ 2.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനം ചെയ്യും. ജ്ഞാനപീഠജേതാവ്‌ എം ടി വാസുദേവൻ നായർ മുഖ്യാതിഥിയാകും. കലാമണ്ഡലം വിദ്യാർഥികൾ ഒരുക്കുന്ന ദേശാഭിമാനി മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തോടെ ആരംഭിക്കും. ദേശാഭിമാനി ചരിത്രം മുഖ്യമന്ത്രി പ്രകാശിപ്പിക്കും.

മലബാർ ഗോൾഡുമായി ചേർന്ന്‌ നടപ്പാക്കുന്ന റെസ്‌പോൺസിബിൾ ഫാമിലി പ്രഖ്യാപനവും നടക്കും. ദേശാഭിമാനി വാരിക പ്രത്യേക പതിപ്പ്‌ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ ഡോ. ഖദീജ മുംതാസിന്‌ നൽകി പ്രകാശിപ്പിക്കും. ജനറൽ മാനേജർ കെ ജെ തോമസ്‌ ദേശാഭിമാനി ഡയറക്ടറി പ്രകാശിപ്പിക്കും. ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനാകും.

മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി,  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ എംഎൽഎ, ജോൺ ബ്രിട്ടാസ്‌ എംപി,   മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ എം വിജയൻ, സാമൂഹ്യപ്രവർത്തക ശീതൾ ശ്യാം, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ,  സ്വാഗതസംഘം ചെയർമാൻ പി മോഹനൻ എന്നിവർ സന്നിഹിതരാകും.  തുടർന്ന്‌ ഹരീഷ്‌ ശിവരാമകൃഷ്‌ണന്റെ നേതൃത്വത്തിൽ അകം ബാൻഡിന്റെ മ്യൂസിക്‌ മെഗാ ഇവന്റും അരങ്ങേറും. ഉദ്‌ഘാടന സമ്മേളനത്തിന്‌ മുന്നോടിയായി കോൽക്കളി, തിറയാട്ടം എന്നിവ  അരങ്ങേറും.  ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിൽ  ‘80 വർഷത്തെ കേരളം, 80 വർഷത്തെ ദേശാഭിമാനി’ എന്ന ചരിത്ര പ്രദർശനത്തിനും ചൊവ്വാഴ്‌ച തുടക്കമാവും. പത്തുവരെ നീളുന്ന പ്രദർശനം പകൽ 11ന്‌ ചരിത്രകാരൻ എം ആർ രാഘവവാര്യർ ഉദ്‌ഘാടനംചെയ്യും.

വാരികയിൽ തുടങ്ങി കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്‌, ആലപ്പുഴ, കൊല്ലം എന്നിങ്ങനെ   പത്ത്‌ എഡിഷനുകളിലേക്ക്‌ വളർന്ന ദേശാഭിമാനി കാലാനുസൃതമായ എല്ലാ സാങ്കേതിക മാറ്റങ്ങളും അതത്‌ സമയം തുറന്നമനസ്സോടെ  സ്വീകരിച്ചിട്ടുണ്ട്‌. മാധ്യമ രംഗത്ത്‌  ഓഫ്‌സെറ്റ്‌ പ്രസ്‌ ആദ്യം അവതരിപ്പിച്ചതും  ഡസ്‌ക്‌ ടോപ്പ്‌ പബ്ലിഷിങ് എന്ന അച്ചടി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ആദ്യം പത്രമിറക്കിയതും ദേശാഭിമാനിയാണ്‌. നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ട്‌ ഓൺലൈൻ പതിപ്പ്‌, യുട്യൂബ്‌ ചാനൽ എന്നിവയിലൂടെയും  വാർത്ത ജനങ്ങളിലെത്തിക്കുന്നു. ശാസ്‌ത്രം, സ്‌പോർട്‌സ്‌, സാഹിത്യം, കലാ സാംസ്‌കാരികം, വിദ്യാഭ്യാസം എന്നിവയിലൂന്നിയ പേജുകൾ ദേശാഭിമാനിയുടെ സവിശേഷതയാണ്‌. കുട്ടികൾക്ക്‌ ശാസ്‌ത്രാവബോധം പകരുന്ന തത്തമ്മ ദ്വൈവാരിക ,  ലക്ഷക്കണക്കിന്‌ വിദ്യാർഥികൾ പങ്കാളികളാവുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ ‘അക്ഷരമുറ്റം ക്വിസ്‌’എന്നിവ ദേശാഭിമാനിയുടെ മാത്രം പ്രത്യേകതയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top