തിരുവനന്തപുരം > 2017ലെ ദേശാഭിമാനി സാഹിത്യ പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹരത്തിനുള്ള അവാർഡ‌് അംബികാ സുതൻ മാങ്ങാട‌് എഴുതിയ ‘എന്റെ പ്രിയപ്പെട്ട കഥകൾ’ക്ക‌് ലഭിച്ചു. കവിതാ അവാർഡ‌് പി രാമൻ എഴുതിയ ‘രാത്രി പന്ത്രണ്ടരയ‌്ക്ക‌് ഒരു താരാട്ട‌്’ , നോവൽ അവാർഡ‌് രാജേന്ദ്രൻ എടത്തുങ്കരയുടെ ‘ഞാനും ബുദ്ധനും’ എന്നീ കൃതികൾക്കും ലഭിച്ചതായി ജനറൽ മാനേജർ കെ ജെ തോമസ‌് അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ‌് അവാർഡ‌്.
കെ പി രാമനുണ്ണി, വി ആർ സുധീഷ‌്, പി കെ ഹരികുമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ‌് ചെറുകഥാ അവാർഡ‌് നിർണ്ണയിച്ചത‌്. ഡോ. കെ പി മോഹനൻ, പി പി രാമചന്ദ്രൻ, ഡോ. മ്യൂസ‌് മേരി ജോർജ‌് എന്നിവരടങ്ങുന്ന ജഡ‌്ജിങ‌് കമ്മിറ്റി കവിതാ അവാർഡും യു കെ കുമാരൻ, എൻ ശശിധരൻ, സി പി അബൂബക്കർ എന്നിവടങ്ങുന്ന ജഡ‌്ജിങ‌് കമ്മിറ്റി നോവൽ അവാർഡും നിർണ്ണയിച്ചു.
2017ൽ പ്രസിദ്ധീകരിച്ച കൃതികളിൽ അവാർഡിന‌് അയച്ച‌് കിട്ടിയതിൽ നിന്നുമാണ‌് മികച്ചവ തെരഞ്ഞെടുത്തത‌്. ആധുനിക സംസ‌്കൃതിയുടെ സങ്കീർണ്ണതകളും നാടിന്റെ ചൂടും ചൂരും ഇടകലർന്നു പ്രവഹിക്കുന്നതാണ‌് അംബികാ സുതൻ മാങ്ങാടിന്റെ കഥകൾ. ഇവയിൽ സൂക്ഷ‌്മമായ രാഷ‌്ട്രീയ വിവേകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും കമ്മിറ്റി വിലയിരുത്തി.
ചിരപരിചിതമായ കാവ്യാനുശീലത്തെ വെല്ലുവിളിക്കുന്ന അപൂർവ വാങ‌്മയങ്ങൾ നിറഞ്ഞതാണ‌് പി രാമന്റെ കവിതകളെന്ന‌് കവിതാ ജഡ‌്ജിങ‌് കമ്മിറ്റി വിലയിരുത്തി. പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂർണ്ണമായ സമ്മേളനമാണ‌് ‘ഞാനും ബുദ്ധനു’ മെന്നാണ‌് കമ്മിറ്റി വിലയിരുത്തിയത‌്.
ആലപ്പുഴയിൽ നടക്കുന്ന സാംസ‌്കാരിക പരിപാടിയിൽ അവാർഡ‌് വിതരണം ചെയ്യും. തീയതി പിന്നീട‌് അറിയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..