മേലാറ്റൂർ > ദേശാഭിമാനിയുമായി കീഴാറ്റൂർ അനിയന് വായനാബന്ധംമാത്രമല്ല ഉള്ളത്. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക രംഗത്ത് പുതുചലനമുണ്ടാക്കിയ ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പിറവിക്ക് സാക്ഷ്യംവഹിച്ചതിന്റെ അസുലഭ ഓർമകളുണ്ട് അദ്ദേഹത്തിന്. ഇ എം എസിന്റെ ജന്മവീടായ ഏലംകുളം മനയിൽ നടന്ന സ്റ്റഡി സർക്കിളിന്റെ ആദ്യ യോഗം ഒളിമങ്ങാതെ ഇന്നും ഓർത്തെടുക്കാനാവും. ശതാഭിഷേക നിറവിലും ദേശാഭിമാനിയുടെ ഉറ്റതോഴനാണ് ഈ കീഴാറ്റൂരുകാരൻ.
1971 ൽ ഇ എം എസിന്റെ ജന്മഗൃഹമായ ഏലംകുളം ഇല്ലത്തായിരുന്നു ആദ്യ ആലോചനയോഗം. മാര്‍ക്‌സിയന്‍ കാഴ്ചപ്പാടോടെ സാഹിത്യ, സാംസ്‌കാരിക രംഗത്ത് ഇടപെടുകയായിരുന്നു സ്റ്റഡി സര്‍ക്കിളിന്റെ ലക്ഷ്യം.
ഇ എം എസ്, ഇ കെ നായനാർ, കെ പി ശങ്കരൻ, എം എൻ കുറുപ്പ്, ഇയ്യംകോട് ശ്രീധരൻ, ചെറുകാട്, തായാട്ട് ശങ്കരൻ തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ആ യോഗത്തിൽ പങ്കെടുത്തു. വി പി വാസുദേവൻ, പാലക്കീഴ് ലക്ഷ്മണൻ, പാലക്കീഴ് നാരായണൻ, സി വാസുദേവൻ തുടങ്ങിയ ചെറുപ്പക്കാരുടെ സംഘത്തിലെ ഓരാളായിരുന്നു കീഴാറ്റൂർ അനിയൻ.
മലയാളത്തിൽ ഉത്തരാധുനികത തീർത്ത അപചയത്തെ മറികടക്കുകയായിരുന്നു ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രധാന ലക്ഷ്യമെന്ന് അനിയൻ ഓർക്കുന്നു. പി ഗോവിന്ദപിള്ളയുടെ നേതൃത്വത്തിൽ പിന്നീട് മൂന്ന് ദിവസത്തെ ക്യാമ്പ് നടന്നു. സ്റ്റഡി സർക്കിളിന്റെ പ്രധാന ചർച്ചകളും തീരുമാനങ്ങളും ഈ ക്യാമ്പിലാണുണ്ടായത്. തുടർന്ന് കേരളത്തിലെ മിക്കയിടങ്ങളിലും സാഹിത്യ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടു. ചെറുകാടും എം എൻ കുറുപ്പുമാണ് പ്രധാനമായും ഇതിന് ചുക്കാൻപിടിച്ചത്. പില്‍ക്കാലത്ത് പുരോഗന കലാസാഹിത്യസംഘമായി ഇത് മാറി.
അന്ന് പട്ടിക്കാട് ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു കീഴാറ്റൂർ അനിയൻ. ദേശാഭിമാനി ആഴ്‌ചപ്പതിപ്പിൽ പുസ്തക റിവ്യൂ എഴുതുന്നതിനൊപ്പം സാഹിത്യ രചനകളും നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഗ്രന്ഥാലോകം മാസിക പത്രാധിപ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗ്രന്ഥശാലാ രംഗത്തെ മികച്ച സേവനത്തിന് 2019ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..