കടയ്ക്കല്‍> വാർത്താ കാര്യങ്ങളിലും പാർടിയുടെ നയങ്ങളുമറിയാൻ ദേശാഭിമാനി വായിക്കണമെന്ന് മുമ്പൊരു കമ്മിറ്റിയിൽ പറഞ്ഞത് കേട്ടപ്പോൾ ആധിയായി. തമിഴും മലയാളവും സംസാരിക്കുമെങ്കിലും എഴുത്തും വായനയും വീരപ്പൻ എന്ന ‘കറുപ്പയ്യക്ക് വശമില്ലായിരുന്നു. തുടർന്ന് ടൗണിലെ ചുമട്ട്, ഓട്ടോ തൊഴിലാളികളെക്കൊണ്ടും പാർടി ഓഫീസിലുള്ളവരെക്കൊണ്ടും ദേശാഭിമാനി വായിപ്പിച്ചാണ് വാർത്തകളും പാർടി നിലപാടുകളും മനസ്സിലാക്കിയത്. ഇന്നും ഈ ശീലം തുടരുന്നു. തമിഴ്‌നാട്ടിൽനിന്ന് ജീവിതംതേടി വന്നവന് ചെങ്കൊടിയും സഹയാത്രികരും ചെയ്ത സ്നേഹത്തെ മറക്കാൻ വീരപ്പനാകില്ല. അതുകൊണ്ടാണ് പാർടിയും പത്രവുമെല്ലാം അയാളുടെ ഇഷ്ടങ്ങളുടെ മുന്നിലുള്ളത്. സിപിഐ എം കടയ്ക്കൽ ടൗൺ ബ്രാഞ്ച് അംഗമാണ് വീരപ്പൻ. ഏഴാം വയസ്സിലാണ് വീരപ്പൻ ഉസിലാംപെട്ടിയിൽനിന്ന് കടയ്ക്കലിലേക്കു വരുന്നത്. അകന്ന ബന്ധു കൂട്ടിക്കൊണ്ടുവന്ന് കടയ്ക്കലിനടുത്ത് കാരിയത്തുള്ള വീട്ടിൽ ജോലിക്കു നിർത്തിയശേഷം പണംവാങ്ങി പോകുകയായിരുന്നു. കറുപ്പയ്യ എന്ന പേരിലെത്തിയ പയ്യന് വീട്ടുകാർ നൽകിയ പേരായിരുന്നു വീരപ്പൻ.
അവിടെ അഞ്ചുവർഷം തുടർന്നു. പിന്നെ ഉസിലാംപെട്ടിയിലെത്തി സ്വന്തം വീടും വീട്ടുകാരെയും കണ്ടു. കാണാതെ പോയ മകൻ മടങ്ങിയെത്തിയ സന്തോഷമായിരുന്നു വീട്ടുകാർക്കെങ്കിലും കടയ്ക്കലിലേക്ക് മടങ്ങി ആരാധന ഹോട്ടലിൽ ജോലിക്കു കയറി. മൂന്നുരൂപ 50 പൈസയായിരുന്നു കൂലി. അവിടെനിന്നാണ് പുതിയ ജീവിതം തുടങ്ങിയതും സിപിഐ എമ്മിനൊപ്പം ചേരുന്നതും. ചെറിയ സമ്പാദ്യങ്ങൾ ചേർത്ത് കടയ്ക്കൽ ടൗണിനടുത്ത് തണ്ണിപ്പാറയിൽ അഞ്ചുസെന്റ് സ്ഥലംവാങ്ങി അവിടൊരു കൂരവച്ചു. ആനപ്പാറ സ്വദേശി അമ്പിളിയെ വിവാഹംചെയ്തു കൊണ്ടുവന്നത്. കടയ്ക്കൽ പഞ്ചായത്ത് വച്ചുനൽകിയ വീട്ടിലാണ് വീരപ്പന്റെയും കുടുംബവും താമസം. മകൻ അയ്യപ്പനും മകൾ രാജിയും വിവാഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..