28 December Saturday

ദേവികുളം തെരഞ്ഞെടുപ്പ്‌ കേസ്‌ 
വിധിപറയാൻ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ന്യൂഡൽഹി
പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്‌ത സീറ്റിൽ മത്സരിക്കാൻ യോഗ്യനല്ലെന്ന്‌ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെ ദേവികുളം എംഎൽഎ, എ രാജ നൽകിയ അപ്പീൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്‌റ്റിസ്‌ അഭയ് എസ്‌ ഓഖ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ എ രാജയുടെയും എതിർകക്ഷി ദേവികുളത്തുനിന്ന്‌ മത്സരിച്ചുതോറ്റ കോൺഗ്രസ്‌ സ്ഥാനാർഥി ഡി കുമാറിന്റെയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ്‌ വിധി പറയാൻ മാറ്റിയത്‌. കഴിഞ്ഞവർഷം ഏപ്രിലിൽ എ രാജയുടെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു.

എ രാജയ്‌ക്ക്‌ അധികൃതർ അനുവദിച്ച ജാതിസർട്ടിഫിക്കറ്റിന്റെ നിയമസാധുത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കാതെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ആശ്‌ചര്യം പ്രകടിപ്പിച്ചിരുന്നു. 1951ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ ആനുകൂല്യം എ രാജയുടെ അച്ഛന്റെ മാതാപിതാക്കൾക്ക്‌ ലഭിക്കില്ലെന്ന എതിർഭാഗത്തിന്റെ വാദവും സുപ്രീംകോടതി ചോദ്യം ചെയ്‌തു.

1951ലെ ഉത്തരവ്‌ അനുസരിച്ച്‌ രാജയുടെ പിതാവിന്റെ മാതാപിതാക്കൾ ‘സ്ഥിരനിവാസികളായി’ കണക്കാക്കാൻ സാധിക്കില്ലെന്ന്‌ ആയിരുന്നു ഡി കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദർഹൂഡയുടെ വാദം. ആ ഉത്തരവിലെ ‘സ്ഥിരനിവാസി’ എന്ന പ്രയോഗത്തെ വ്യാഖാനിക്കുന്ന കോടതിയുടെ മുൻഉത്തരവുകൾ ഹാജരാക്കാൻ ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ നിർദേശിച്ചു. കൃത്യമായ വ്യാഖാനമുള്ള വിധിന്യായങ്ങൾ ലഭ്യമല്ലെന്നും സമാനമായ വിഷയത്തിലുള്ള മറ്റ്‌ വിധിന്യായങ്ങൾ ഉപയോഗിച്ച്‌ വാദങ്ങൾ സ്ഥാപിക്കാൻ അനുവദിക്കണമെന്നും നരേന്ദർഹൂഡ അപേക്ഷിച്ചു.

എന്നാൽ, ഈ അപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും പഴയവാദങ്ങൾ ആവർത്തിച്ച്‌ കോടതിയുടെ സമയം പാഴാക്കരുതെന്നും സുപ്രീംകോടതി  തിരിച്ചടിച്ചു. രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തമിഴ്‌നാട്ടിലെ സ്ഥിരവാസികളാണെന്ന നരേന്ദർഹൂഡയുടെ വാദവും ജസ്‌റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അംഗീകരിച്ചില്ല. എ രാജയ്‌ക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരി, അഡ്വ. ജി പ്രകാശ്‌ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top