19 September Thursday

ധൻബാദ്‌ പുറപ്പെടാൻ വൈകിയത്‌ 
രണ്ടരമണിക്കൂർ ; സമയമാറ്റം മറച്ചുവച്ച്‌ പുലർച്ചെമുതൽ 
ടിക്കറ്റ്‌ നൽകിയെന്ന്‌ യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


ആലപ്പുഴ
ധൻബാദ്‌ എക്‌സ്‌പ്രസ്‌ വ്യാഴാഴ്‌ച ആലപ്പുഴ റെയിൽവെ സ്‌റ്റേഷനിൽനിന്ന്‌ പുറപ്പെട്ടത്‌ രണ്ടരമണിക്കൂർ വൈകി. രാവിലെ ആറിന്‌ പുറപ്പെടേണ്ട ട്രെയിൻ  8.45 നാണ്‌ പുറപ്പെട്ടത്. സമയമാറ്റം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവച്ചാണ്‌ രാവിലെ അഞ്ചുമുതൽ സ്‌റ്റേഷനിലെത്തിയവർക്ക്‌ ടിക്കറ്റ്‌ നൽകിയതെന്ന്‌ യാത്രക്കാർ ആരോപിച്ചു. രാവിലെ ആറിനുശേഷം മാത്രമാണ്‌ ധൻബാദ്‌ എക്‌സ്‌പ്രസ്‌ 8.45നേ പുറപ്പെടൂ എന്ന്‌ അനൗൺസ്‌ ചെയ്‌തത്‌.

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ബോഗികൾ എത്തിക്കാതെ ധൻബാദ്‌ എക്‌സ്‌പ്രസ്‌ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടത്‌ മൂലം 6.15 ആലപ്പുഴയിൽ എത്തേണ്ട ഏറനാട്‌ എക്‌സ്‌പ്രസ്‌ ഒരുമണിക്കൂറോളം അമ്പലപ്പുഴയിൽ പിടിച്ചിട്ടു. മൂന്ന്‌ പ്ലാറ്റ്‌ഫോമുകളുള്ള ആലപ്പുഴ സ്‌റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോം 20 മിനിറ്റ്‌ വൈകിയോടിയ മൈസൂർ–-കൊച്ചുവേളി എക്‌സ്‌പ്രസിനായി ഒഴിച്ചിടുകയായിരുന്നു. രണ്ടാം പ്ലാറ്റ്‌ഫോമിൽ കൊല്ലം മെമുവും ഉണ്ടായിരുന്നു. പിന്നീട്‌ മൈസൂർ–-കൊച്ചുവേളി എക്‌സ്‌പ്രസും തിരുവനന്തപുരം ഇന്റർസിറ്റിയും അമ്പലപ്പുഴ കടന്നശേഷം 7.30ഓടെ മാത്രമാണ്‌ ഏറനാട്‌ ആലപ്പുഴയിലെത്തിയത്‌. ഏറനാട്‌ വൈകിയത്‌ റെയിൽവേയുടെ അനാസ്ഥമൂലമാണെന്ന്‌ ആലപ്പുഴ–-തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ കെ ഹൈദർഅലി പറഞ്ഞു. ബുധൻ രാത്രി 11 നാണ്‌ ധൻബാദ്‌ എത്തിയതെന്നും ടു–-ടെയർ എസി ബോഗിയുടെ തകരാർ പരിഹരിക്കാനാണ്‌ സമയമെടുത്തതെന്നുമാണ്‌ റെയിൽവേയുടെ വിശദീകരണം. വണ്ടിയുടെ സമയമാറ്റം റെയിൽവേയുടെ എൻടിഇഎസ്‌ ആപ്പിലടക്കം കാണിച്ചിരുന്നതായും റെയിൽവേ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top