09 September Monday

ഉറപ്പായ തുടര്‍ച്ചയ്‌ക്ക് പടനായകന്‍ വീണ്ടും ധര്‍മടത്ത്

എന്‍ കെ സുജിലേഷ്Updated: Wednesday Mar 10, 2021

കണ്ണൂര്‍ > തിരപോലെയെത്തിയ പ്രതിസന്ധികള്‍ക്കുമുന്നില്‍ പ്രതിരോധത്തിന്റെ നെടുങ്കോട്ട കെട്ടിയ പടനായകന്‍ വീണ്ടും. കേരളത്തിന്റെ പുതുപതിപ്പിന് ശിലപാകിയ അഞ്ചുവര്‍ഷം. ഉറപ്പായ തുടര്‍ച്ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തുമ്പോള്‍ ധര്‍മടത്ത് മത്സരം തന്നെ അപ്രസക്തം.

കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച പിണറായി വിജയനെന്ന കേരളത്തിന്റെ നായകന് നിയമസഭയിലേക്കിത് ആറാമങ്കം. മൂന്നുതവണ കൂത്തുപറമ്പിലും ഓരോ തവണ പയ്യന്നൂരിലും ധര്‍മടത്തും ഉജ്വലവിജയവുമായി നിയമസഭയിലെത്തിയ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലാണ് ഉരുകിത്തെളിഞ്ഞത്. നിശ്ചയദാര്‍ഢ്യത്തിന്റെയും പതറാത്ത കമ്യൂണിസ്റ്റ് ധൈര്യത്തിന്റെയും പ്രതീകമായ അദ്ദേഹം 26ാം വയസിലാണ് ആദ്യമായി നിയമസഭയിലെത്തിയത്.

ജനപ്രതിനിധിയായിട്ടും അടിയന്തരാവസ്ഥയില്‍  പൊലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി. ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ആഭ്യന്തരമന്ത്രി കെ കരുണാകരനോട് ചോദ്യമുതിര്‍ത്ത പിണറായി ജനാധിപത്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രതീകം കൂടിയായി.

ചെമ്പിലോട് പഞ്ചായത്തിലെ കോമത്ത് കുന്നുംപുറത്ത് പിണറായി വിജയന്‍ സംസാരിക്കുന്നു

ചെമ്പിലോട് പഞ്ചായത്തിലെ കോമത്ത് കുന്നുംപുറത്ത് പിണറായി വിജയന്‍ സംസാരിക്കുന്നു

1945 മെയ് 24ന് ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്റെ ജനനം. ബാല്യ കൗമാരം പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പിണറായി യുപി സ്‌കൂളിലും പെരളശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒരുവര്‍ഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. തലശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രി ബിരുദ പഠനം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986ല്‍  കണ്ണൂര്‍ ജില്ലാ സെക്രട്ടറി. '88ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996ല്‍ സഹകരണ  വൈദ്യുതി മന്ത്രിയായപ്പോഴാണ് വൈദ്യുതി മേഖലയില്‍ കേരളം കുതിച്ചത്. പിണറായി വിജയനെന്ന ഭരണതന്ത്രജ്ഞനെ കേരളം അനുഭവിച്ചറിയുകയായിരുന്നു അക്കാലം.

1998ല്‍ ചടയന്‍ ഗോവിന്ദന്റെ വിയോഗത്തെതുടര്‍ന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയായി. കണ്ണൂര്‍, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ സെക്രട്ടറി പദം ഒഴിഞ്ഞു.  1998ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പതിനാറാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗവും പൊളിറ്റ്ബ്യൂറോ അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു.

1971ല്‍ തലശേരിയില്‍ ആര്‍എസ്എസുകാര്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടപ്പോള്‍  സംഘര്‍ഷമേഖലകളിലുടനീളം സഞ്ചരിച്ച് പിണറായിയും പാര്‍ടി പ്രവര്‍ത്തകരും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍ ശ്ലാഘിച്ചു. എസ്എന്‍സി ലാവ്ലിന്‍ കരാറുമായി ബന്ധപ്പെടുത്തി പതിറ്റാണ്ടുകളായി നിരന്തര വേട്ടയാടലിനും അദ്ദേഹം ഇരയായി.

കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. 2016ല്‍ ധര്‍മടത്തുനിന്ന് റെക്കോഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പിണറായി  കേരളത്തിന്റെ കപ്പിത്താനായി. ഓഖിയും രണ്ടുതവണയെത്തിയ പ്രളയവും കേരളത്തെ തകര്‍ത്തപ്പോള്‍ പണിയാം നമുക്ക് പുതുകേരളമെന്ന സന്ദേശവുമായി അദ്ദേഹം മുന്നില്‍നടന്നു. നിപയും മഹാമാരിയായി കോവിഡുമെത്തിയപ്പോഴും കരുതലിന്റെയും പ്രതിരോധത്തിന്റെയും കവചമൊരുക്കി മുന്നില്‍നിന്നു നയിച്ചു. സമാനതകളില്ലാത്ത മുന്നേറ്റം സമസ്ത മേഖലകളിലും സാധ്യമാക്കിയതിനൊപ്പം പിണറായിയുടെ നേതൃത്വത്തിലുള്ള അഞ്ചുവര്‍ഷത്തെ ഭരണം അവശജനവിഭാഗങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ചേര്‍ത്തുപിടിച്ചു.
റിട്ട. അധ്യാപിക കമലയാണ് ഭാര്യ. വിവേക്, വീണ എന്നിവര്‍ മക്കള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top